രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണം മുഖ്യമന്ത്രി

ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കുന്നതിലൂടെ സ്ഥാപനത്തിന്റെ യശസ്സ് നിലനിര്‍ത്തുന്നതിനും പൊതു മണ്ഡലത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

0

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ധന് കത്തയച്ചു. ഈ ഗവേഷണ സ്ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കുന്നതിലൂടെ സ്ഥാപനത്തിന്റെ യശസ്സ് നിലനിര്‍ത്തുന്നതിനും പൊതു മണ്ഡലത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്
സ്വാതന്ത്ര്യാനന്തരം മതവർഗീയത തീർത്ത നിരവധി സംഘർഷങ്ങളിലൂടെ കടന്നു പോയ ഒരു രാജ്യത്തിൻ്റെ ഭാഗമായിരുന്നിട്ടും, അതെല്ലാം സധൈര്യം ചെറുത്ത് മതസൗഹാർദ്ദത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ചു നിലകൊണ്ട സംസ്ഥാനമാണ് കേരളം. വർഗീയത പോലുള്ള സങ്കുചിത ചിന്തകകൾ തീർത്ത വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മാനവികത ഉയർത്തിപ്പിടിച്ച സംസ്കാരമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എം. എസ്. ഗോൾവാൾക്കറെപ്പോലെ വർഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച ഒരു വ്യക്തിയുടെ നാമം കേരളത്തിലെ ഒരു പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിനു നൽകുന്നത് അനുചിതമാണ്. ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികൾക്ക് അംഗീകരിക്കാനാവാത്ത നടപടിയാണത്. ശാസ്ത്രമുൾപ്പെടെ ആധുനികതയുടെ സംഭാവനകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് പ്രാകൃതമായ സംസ്കൃതിയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ഗോൾവാൾക്കെറെപ്പോലൊരു വ്യക്തിയുടെ നാമം ഇത്തരമൊരു ഗവേഷണസ്ഥാപനത്തിനു ചാർത്തുന്നത് അനീതിയാണ്. വർഗീയതയിൽ ഊന്നിയ വെറുപ്പിൻ്റെ വിചാരധാരയല്ല, മറിച്ച് സ്വതന്ത്രചിന്തയുടെ മാതൃകയായി മാറിയ വ്യക്തികളുടെ ചരിത്രമായിരിക്കണം അത്തരമൊരു സ്ഥാപനത്തിനു പ്രചോദനമാകേണ്ടത്. ഈ പ്രശ്നം ഉയർത്തിക്കാണിച്ചു കൊണ്ട്, പ്രസ്തുത തീരുമാനത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, കേന്ദ്ര മന്ത്രി ഹർഷ വർദ്ധനു കത്തയച്ചു.
Image may contain: text
You might also like

-