ഗവർണർക്ക് എതിരായ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ രാജ് ഭവൻ മാർച്ച്
എൽഡിഎഫ് രാജ്ഭവൻ വളയൽ സമരം ഇന്ന് നടത്താനിരിക്കെ ഗവർണർ ഡൽഹിയിൽ തുടരുകയാണ്. ഔദ്യോഗികാവശ്യങ്ങൾക്കായി പാറ്റ്നയിൽ പോയ ഗവർണ്ണർ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഡൽഹിയിൽ തിരിച്ചെത്തും
തിരുവനന്തപുരം | ഗവർണർക്ക് എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ രാജ് ഭവൻ മാർച്ച്. ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം സിപിഎം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധം ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റുന്നതിനായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും പങ്കെടുപ്പിക്കും. പ്രതിഷേധത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
എൽഡിഎഫ് രാജ്ഭവൻ വളയൽ സമരം ഇന്ന് നടത്താനിരിക്കെ ഗവർണർ ഡൽഹിയിൽ തുടരുകയാണ്. ഔദ്യോഗികാവശ്യങ്ങൾക്കായി പാറ്റ്നയിൽ പോയ ഗവർണ്ണർ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഡൽഹിയിൽ തിരിച്ചെത്തും. തുടർന്ന് കേരള ഹൗസിൽ വിശ്രമിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ വൈകുന്നേരം ആറരയ്ക്ക് പൊതു പരിപാടിയിൽ പങ്കെടുക്കും. കുഫോസ് വിസി നിയമനത്തിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടിയേറ്റ സാഹചര്യത്തിൽ ഗവർണർ പ്രതികരിച്ചേക്കും. ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. എൽഡിഎഫിന്റെ സംസ്ഥാന നേതാക്കൾ സമരത്തിന് നേതൃത്വം നൽകും. രാവിലെ പത്തിന് തുടങ്ങുന്ന പ്രതിഷേധ കൂട്ടായ്മയിൽ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും..