സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുന്നത് ഘട്ടംഘട്ടമായി നടപ്പാക്കും

നിയമം ആദ്യം വിജ്ഞാപനംചെയ്യുക, തുടർന്ന് രണ്ടുവർഷത്തിനുശേഷം പ്രാബല്യത്തിൽ വരുത്തുക എന്നതാണ് ഒന്നാമത്തെ മാർഗം. വിവാഹപ്രായം ഓരോ വർഷവും ഓരോവയസ്സുകൂട്ടി വിജ്ഞാപനംചെയ്ത് മൂന്നുവർഷത്തിനുള്ളിൽ പരിധി 21 ആക്കുകയാണ് രണ്ടാമത്തെ വഴി

0

ഡൽഹി | സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുന്നത് ഘട്ടംഘട്ടമായി നടപ്പാക്കാമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച ദൗത്യസംഘം ശുപാർശചെയ്തു. നിയമം ആദ്യം വിജ്ഞാപനംചെയ്യുക, തുടർന്ന് രണ്ടുവർഷത്തിനുശേഷം പ്രാബല്യത്തിൽ വരുത്തുക എന്നതാണ് ഒന്നാമത്തെ മാർഗം. വിവാഹപ്രായം ഓരോ വർഷവും ഓരോവയസ്സുകൂട്ടി വിജ്ഞാപനംചെയ്ത് മൂന്നുവർഷത്തിനുള്ളിൽ പരിധി 21 ആക്കുകയാണ് രണ്ടാമത്തെ വഴി.വിദഗ്ധ സംഘം തയ്യാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചു .പ്രധാനമന്ത്രിക്ക്‌ സമർപ്പിച്ച റിപ്പോർട്ട് പരിശോധനയ്‌ക്കായി പാർലമെന്ററിസമിതിക്ക്‌ വിട്ടു. സമിതിയുടെ അന്തിമറിപ്പോർട്ടനുസരിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബില്ലുഅവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം
നിയമത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയും സമൂഹത്തിന്റെ സ്വീകാര്യത ഉറപ്പാക്കുകയും വേണമെന്ന് സമത പാർട്ടി മുൻഅധ്യക്ഷ ജയ ജെയ്റ്റ്‌ലി അധ്യക്ഷയായ ദൗത്യസംഘത്തിന്റെ ശുപാർശയിൽ പറഞ്ഞു.

വിദ്യാഭ്യാസം പൂർത്തിയാക്കി പക്വതനേടാൻ വിവാഹപ്രായം ഉയർത്തുന്നത്‌ സഹായിക്കുമെന്നാണ് ദൗത്യസംഘത്തിന്റെ നിരീക്ഷണം. ലിംഗ അസമത്വം വലിയതോതിൽ സമൂഹത്തിലുണ്ട്. പെൺകുട്ടികൾക്ക് വ്യക്തിപരമായി മുന്നേറാനുള്ള അവസരങ്ങളുടെ അഭാവം, പുരുഷമേധാവിത്വം, പാരമ്പര്യരീതികൾ, ദരിദ്രമായ കുടുംബസാഹചര്യം തുടങ്ങിയവയാണ് ശൈശവ വിവാഹങ്ങൾക്കുകാരണം. ഇവ ഗൗരവമായി കാണണം.

വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, ജീവിതത്തിലെ നിർണായക തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയിൽ ആൺകുട്ടികൾക്കുതുല്യമായ അവകാശം പെൺകുട്ടികൾക്കുണ്ടാവണം. പ്രായപൂർത്തിക്കുമുമ്പുള്ള വിവാഹം പെൺകുട്ടികളുടെ ആരോഗ്യത്തെ മാത്രമല്ല, വിദ്യാഭ്യാസത്തെയും വ്യക്തിവികാസത്തെയും ബാധിക്കുന്നുണ്ട്. ഇതിനൊക്കെ മാറ്റം കൊണ്ടുവരാൻ 2006-ലെ ശൈശവവിവാഹ നിരോധനനിയമത്തിൽ ഭേദഗതി അനിവാര്യമാണ് സമിതി വ്യക്തമാക്കി.

You might also like

-