രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് വോട്ടെടുപ്പ് തീരും വരെ പൊലീസ് സ്റ്റേഷനിൽ ഹാജരാവേണ്ടതില്ല

ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു

തിരുവനന്തപുരം | എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. തിരഞ്ഞെടുപ്പ് കഴിയും വരെ സ്റ്റേഷനിൽ ഹാജരാകേണ്ടതില്ല. തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ രാഹുൽ തിങ്കളാഴ്ചകളിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് ഉത്തരവിട്ടത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ് ലഭിച്ചിട്ടുള്ളത് . വോട്ടെടുപ്പ് തീരും വരെ തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ എത്തി രാഹുൽ ഒപ്പിടേണ്ടെന്നും വ്യക്തമാക്കി. രാഹുലിന്‌ ഇളവ് നൽകരുതെന്ന പൊലീസ് റിപ്പോർട്ട് തളളിയാണ് കോടതിയുടെ ഈ നടപടി.
ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.എന്നാൽ പാലക്കാട് സ്ഥാനാർത്ഥിയെന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇതിനെതിരെ ഹർജി നൽകിയത്. സ്ഥാനാർത്ഥി ആയിട്ടും പൊലീസ് തന്നെ വേട്ടയാടുകയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ രാഹുൽ അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയോടെ ജാമ്യമാകാമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ പൊലീസ് എടുത്ത നിലപാടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നിലപാട് മയപ്പെടുത്തിയത്. പൊലീസിനെ ഉപയോഗിച്ച് സർക്കാർ രാഷ്ട്രീയ പ്രേരിത നീക്കം നടത്തുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം

You might also like

-