രാഹുൽ മാങ്കൂട്ടത്തിൽഉൾപ്പെട്ട ബലാത്സംഗ കേസ് , യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ശ്രമിച്ചതാണ് കുറ്റം.
തിരുവനന്തപുരം| രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബർ പൊലീസ് ആണ് രാഹുൽ ഈശ്വറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ശ്രമിച്ചതാണ് കുറ്റം.
രാവിലെ എഡിജിപി എച്ച്. വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. പാലക്കാട് സ്വദേശിയായ യൂട്യൂബർക്കെതിരെയും നടപടിക്ക് നിർദേശമുണ്ട്.കഴിഞ്ഞ ദിവസമാണ് രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ അടക്കമുള്ളവർ പെൺകുട്ടിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവച്ചത്. ഇരയിലേക്ക് സൂചന നല്‍കുന്ന വിവരങ്ങളടങ്ങുന്നതായിരുന്നു രാഹുല്‍ ഈശ്വര്‍ പങ്കുവെച്ച വീഡിയോ . രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് കാണിച്ച് സന്ദീപ് വാര്യര്‍ പിന്നാലെ പോസ്റ്റിട്ടു. ഈ പോസ്റ്റുകളിലെ വിവരങ്ങള്‍ എടുത്താണ് രാഹുൽ അനുകൂല ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സൈബർ ആക്രമണത്തിന് വഴിയൊരുക്കിയ ശേഷം സന്ദീപ് വാര്യർ പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സൈബർ ആക്രമണത്തിനെതിരെ പെൺകുട്ടി പരാതി നൽകിയത്.
അതേസമയം, ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്പാണെന്ന് പൊലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.എന്നാൽ, രാഹുലിൻ്റെ ഫ്ലാറ്റിൽ നിന്ന് ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. രാഹുൽ മുങ്ങിയ വഴി കണ്ടെത്താൻ പാലക്കാട് പൊലീസ് പരിശോധന നടന്നു വരികയാണ്. നഗരത്തിലെ 9 ഇടങ്ങളിലെ സിസിടിവികൾ പൊലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങൾ ആണ് പരിശോധിക്കുന്നത്. എസ്ഐടിയുടെ ആവശ്യപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.