കോവിഡ് 19 നിയന്ത്രണ വിധേയമാക്കുവാന്‍ നാടൊന്നിച്ച് അഭിമുഖീകരിച്ച് വിജയിക്കണം:പത്തനംതിട്ടയിലെ എം എൽ എ മാർ

നിലവിലുള്ള സാഹചര്യം മനസിലാക്കി മതമേലധ്യക്ഷന്മാര്‍ പ്രവര്‍ത്തിച്ചത് അഭിനന്ദനാര്‍ഹമാണ്. അടിയന്തര സാഹചര്യം പരിഗണിച്ച് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.

0

പത്തനംതിട്ട :കോവിഡ് 19 നിയന്ത്രണ വിധേയമാക്കുവാന്‍ നാടൊന്നിച്ച് അഭിമുഖീകരിച്ച് വിജയിക്കണമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രേക് ദി ചെയിന്‍ എന്ന സന്ദേശത്തിന്റെ ലക്ഷ്യം കോവിഡ് 19 എന്ന ചങ്ങലയുടെ ഇടയ്ക്കത്തെ കണ്ണി മുറിക്കുക എന്നതാണ്. അതിനായി ജില്ലയിലെ എല്ലാപൊതുപരിപാടികളും രാഷ്ട്രീയ പാര്‍ട്ടി പരിപാടികളും ഒഴിവാക്കണം. കോവിഡ് 19 ബാധിതര്‍ വഴി മറ്റുള്ളവരിലേക്കു രോഗം വേഗത്തില്‍ പടരുന്നതിനാല്‍ ഉത്സവ, പള്ളിപ്പെരുന്നാള്‍, വിവാഹ, ശവസംസ്‌കാര ചടങ്ങുകളില്‍ കൂടുതല്‍ ആള്‍ക്കാരെത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി മതമേലധ്യക്ഷന്മാര്‍ ശ്രദ്ധിക്കണമെന്നും മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു.

മതമേലധ്യക്ഷന്മാരുടെ ഇടപെടല്‍ മാതൃകാപരം:
രാജു എബ്രഹാം എം.എല്‍.എ

കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മതമേലധ്യക്ഷന്മാരുടെ ഇടപെടല്‍ മാതൃകാപരമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സാഹചര്യം മനസിലാക്കി മതമേലധ്യക്ഷന്മാര്‍ പ്രവര്‍ത്തിച്ചത് അഭിനന്ദനാര്‍ഹമാണ്. അടിയന്തര സാഹചര്യം പരിഗണിച്ച് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. ഏപ്രില്‍ ഒന്നു വരെയുള്ള പരിപാടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നും രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു.

എല്ലാ ആരാധനാലയങ്ങളിലും കൈ കഴുകുന്നതിനുള്ള
സൗകര്യമൊരുക്കണം: വീണാ ജോര്‍ജ് എം.എല്‍.എ

കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ആരാധനാലയങ്ങളിലും കൈ കഴുകുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആരാധനാലയങ്ങളില്‍ ഒരേസ്ഥലത്ത് ആളുകള്‍ സ്ഥിരമായി സ്പര്‍ശിക്കുന്ന ഭാഗങ്ങളുണ്ടെങ്കില്‍ അവ ഒഴിവാക്കണം. ചുമ, പനി, തുമ്മല്‍ എന്നിവ അനുഭവപ്പെടുന്നവര്‍ ആരാധനാലയങ്ങളിലോ പൊതുസ്ഥലങ്ങളിലോ പോകുന്നതും ഒഴിവാക്കണം. സ്വയം പരിരക്ഷണം ഉറപ്പുവരുത്തണമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

വിദേശത്തു നിന്നും വരുന്നവര്‍ വീടുകളില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം: കെ.യു ജനീഷ് കുമാര്‍ എംഎല്‍എ

കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശത്തു നിന്നുവരുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് മതമേലധ്യക്ഷന്മാര്‍ ഉറപ്പുവരുത്തണമെന്ന് കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
119 രാജ്യങ്ങള്‍ക്കും മാതൃകയാകുന്ന തരത്തിലുള്ള ജില്ലാഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതാണ് മതമേലധ്യക്ഷന്മാരുടെ ജില്ലയിലെ പ്രവര്‍ത്തനമെന്നും കെ.യു ജനീഷ് കുമാര്‍ പറഞ്ഞു.

മൈക്രോഫിനാന്‍സ്: കര്‍ശന നടപടിക്ക് നിര്‍ദേശം

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും മൈക്രോഫിനാന്‍സ് പ്രതിനിധികള്‍ വീടുകള്‍തോറും കയറി പണം പിരിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടപടിയുമായി പോലീസ്. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനത്തില്‍ എര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി.
മൈക്രോഫിനാന്‍സ് പ്രതിനിധികള്‍ ഇന്നത്തെ സാഹചര്യത്തില്‍ വീടുകള്‍ തോറും കയറിയിറങ്ങുന്നത് ആരോഗ്യകരമാകില്ല എന്നതിന്റെകൂടി അടിസ്ഥാനത്തിലാണ് നിര്‍ദേശം.

മല്ലപ്പള്ളിയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നു

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലത്തില്‍ ശുചിത്വ സമിതിയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്തയോഗത്തില്‍ നിരീക്ഷണത്തിലുള്ളവരെ സഹായിക്കുന്നതിനും രോഗത്തെ നേരിടുന്നതിന് വോളന്റിയര്‍മാര്‍ അടക്കമുള്ളവരെ സജ്ജരാക്കുന്നതിനും തീരുമാനിച്ചു.
താലൂക്ക് ആശുപത്രിയില്‍ നടന്ന വിലയിരുത്തല്‍ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സിനീഷ് കെ ജോയ്, കീഴ്വായ്പ്പൂര് എസ്ഐ ബി. ആദര്‍ശ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ജോസഫ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ബൈജു ജോസഫ്, അച്ചാമ്മ ശാമുവേല്‍, രജിത, വനജ എന്നിവര്‍ പങ്കെടുത്തു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കാതെ പൊതുനിരത്തുകളില്‍ കറങ്ങി നടക്കുന്നതായി വ്യാപക പരാതികള്‍ വരുന്ന പശ്ചാത്തലത്തില്‍ പൊലീസ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം അനുഭവിക്കുന്നവരുടെ കാര്യത്തില്‍ ഗ്രാമപഞ്ചായത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അതിഥി സംസ്ഥാന തൊഴിലാളികളെ ബോധവത്ക്കരിക്കുന്നതിന് ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയും മൊബൈലുകളിലേക്ക് കോവിഡ് പ്രതിരോധ വീഡിയോകള്‍ അയയ്ക്കുകയും ചെയ്യും. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു

You might also like

-