നിപ്പാപനിബാധ : പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: സിവിൽ പോലീസ് ഓഫീസർ, വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികകളിലേക്ക് ശനിയാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി പിഎസ്സി അറിയിച്ചു. കാറ്റഗറി നന്പർ 653/2017, 657/2017 എന്നീ തസ്തികകളിലേക്കു നടത്താൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷയാണു മാറ്റിയത്. പുതുക്കിയ തീയതി പിന്നീട്.
നിപ്പാ പനിയുടെ പശ്ചാത്തലത്തിൽ ഈ മാസം 31 വരെ കോഴിക്കോട് ജില്ലയിൽ നടത്താനിരുന്ന പൊതുപരിപാടികളെല്ലാം നിർത്തിവയ്ക്കാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു പരീക്ഷകളും മാറ്റിവച്ചത്.
കോഴിക്കോട് ഉൾപ്പെടെ എല്ലാ ജില്ലകളിലും പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയ്ക്കു പരീക്ഷാകേന്ദ്രം ക്രമീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽനിന്നു മാത്രം അൻപതിനായിരത്തിലധികം അപേക്ഷകരുള്ളതിനാലും പരീക്ഷ എല്ലാ ജില്ലകളിലും ഒരുമിച്ചു നടത്തേണ്ടതുണ്ടെന്നുള്ളതിനാലുമാണു മാറ്റിവച്ചതെന്നും പിഎസ്സി പത്രക്കുറിപ്പിൽ അറിയിച്ചു.
കേരള സാങ്കേതിക സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് കേരളത്തിലെ എല്ലാ ജില്ലകളിലും നാളെ നടത്താനിരുന്ന വയര്‍മാന്‍ എഴുത്തു പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മേയ് 31 വരെ കോഴിക്കോട് ജില്ലയിലെ പിഎസ്സി പരിക്ഷകളും കാലിക്കട്ട് സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവയ്ക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസ് നിര്‍ദേശിച്ചിട്ടുണ്ട്.
മേയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രതാ പരിപാടികള്‍ എന്നിവ നിര്‍ത്തിവയ്ക്കാനും കളക്ടര്‍ യു.വി. ജോസ് നിര്‍ദേശം നല്കി. മേയ് 31 വരെ ട്രെയിനിംഗ് ക്ലാസുകള്‍ നടത്തരുത്. 31 വരെ ജില്ലയിലെ അങ്കണവാടികള്‍ പ്രവര്‍ത്തിക്കരുതെന്നും കളക്ടര്‍ ഉത്തരവായി.കാലിക്കട്ട് സര്‍വകലാശാല ഇന്നും നാളെയും നടത്താന്‍ നിശ്ചയിച്ചിരുന്ന എംഎസ്സി അപ്ലൈഡ് കെമിസ്ട്രി, എംഎസ്സി ജനറല്‍ ബയോടെക്നോളജി, എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്സ് എന്നീ പിജി എന്‍ട്രന്‍സ് പരീക്ഷകളും മാറ്റി. ഇവ യഥാക്രമം ജൂണ്‍ ഒമ്പത്, പത്ത് തീയതികളില്‍ നടത്തും. പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. മറ്റു തീയതികളിലെ പിജി എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും മാറ്റമില്ല.
ദേശീയ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് മാറ്റിവച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തു മേയ് 31 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ദേശീയ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് നിപ്പാ വൈറസ് ഭീഷണിയെത്തുടർന്നു മാറ്റിവച്ചു. ഉത്തരേന്ത്യൻ താരങ്ങൾ കേരളത്തിലേക്കു വരാൻ വിസമ്മതിച്ച സാഹചര്യത്തിലാണു ദേശീയ ഷൂട്ടിംഗ് ചാംന്പ്യൻഷിപ്പ് മാറ്റിയത്.
മൂവായിരത്തോളം താരങ്ങൾ പങ്കെടുക്കേണ്ടിയിരുന്ന ചാന്പ്യൻഷിപ്പ് വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലാണു നിശ്ചയിച്ചിരുന്നത്. ഉത്തരേന്ത്യൻ ഓണ്‍ലൈൻ മാധ്യമങ്ങളിൽ നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ടു ഭീതിജനകമായ വാർത്തകളാണു വരുന്നത്. ഭീതി പൂണ്ട ഉത്തരേന്ത്യൻ താരങ്ങൾ കേരളത്തിലേക്കു വരാൻ വിസമ്മതിക്കുകയായിരുന്നു. പുതിയ തീയതിയും സ്ഥലവും പിന്നീടു തീരുമാനിക്കുമെന്നാണു വിവരം. ലോക ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മത്സരത്തിൽ നിന്നാണു തെരഞ്ഞെടുക്കേണ്ടത്. ദേശീയ ഷൂട്ടിംഗ് ചാന്പ്യൻഷിപ് മാറ്റിവച്ചുള്ള കത്തു സംസ്ഥാനത്തിനു ലഭിച്ചതായി കായികമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
പുതിയ തീയതി ചർച്ച ചെയ്തു പിന്നീടു തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.