ലോക്‌സഭയിലെ പ്രതിഷേധം ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾപ്പെടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു.
പാർലമെന്റിൽ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ വിഷയം ഉന്നയിച്ച് കോൺഗ്രസ് അംഗങ്ങൾ സെക്രട്ടറി ജനറലിന്റെ ടേബിളിലേക്ക് ചാടിക്കയറി. ഡീൻ കുര്യാക്കോസും ഹൈബി ഈഡനും മേശപ്പുറത്ത് കയറി
ഡൽഹി|| ലോക്‌സഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാർക്ക് എതിരെ കടുത്ത നടപടിയുമായി സ്പീക്കർ ഓം പ്രകാശ് ബിർള. കേരളത്തിലെ എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾപ്പെടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു. ഇവർക്ക് പുറമേ കോൺഗ്രസ് എംപിമാരായ മണിക്കം ടാഗോർ, അമരീന്ദർ സിങ് രാജ വാറിങ്, ഗുർജത് ഔജ്‌ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഢി എന്നിവർക്കും സിപിഎം എംപിയായ സു വെങ്കിടേഷനുമെതിരെയാണ് നടപടി ഉണ്ടായത്. സഭാ നടപടികൾ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ നടപടി സ്വീകരിച്ചത്.
പാർലമെന്റിൽ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ വിഷയം ഉന്നയിച്ച് കോൺഗ്രസ് അംഗങ്ങൾ സെക്രട്ടറി ജനറലിന്റെ ടേബിളിലേക്ക് ചാടിക്കയറി. ഡീൻ കുര്യാക്കോസും ഹൈബി ഈഡനും മേശപ്പുറത്ത് കയറി. ഇതിനിടയിൽ ഹൈബി ഈഡനും മാണിക്കം ടാഗോറും കടലാസുകൾ വലിച്ചുകീറി സ്പീക്കറുടെ ചെയറിന് നേരെ എറിഞ്ഞു. സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തെ കടലാസുകളാണ് എംപിമാർ എടുത്തെറിഞ്ഞത്. പിന്നാലെ കോൺഗ്രസ് എംപിമാർക്കെതിരെ ബിജെപി പരാതി നൽകി.സസ്‌പെൻഷനിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ വിരുദ്ധമായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് നടപടി നേരിട്ട എംപിമാർ ആരോപിച്ചു.
സംഭവത്തെ ശക്തമായി അപലപിച്ച സ്പീക്കർ, ഈ പെരുമാറ്റം സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും, പ്രത്യേകിച്ച് ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി.സഭ നിർത്തിവെച്ചതിന് പിന്നാലെ, പ്രതിപക്ഷത്തിന്റെ തുടർച്ചയായ തടസ്സപ്പെടുത്തലുകൾ മോശം പെരുമാറ്റത്തിലേക്ക് കടന്നുവെന്നും, പ്രിസൈഡിംഗ് ഓഫീസറെ ലക്ഷ്യം വെച്ച് പേപ്പറുകൾ എറിയാൻ ശ്രമിച്ചുവെന്നും ബിജെപി അംഗങ്ങൾ പറഞ്ഞു. പാർലമെന്റിന്റെ അന്തസ്സ് നിലനിർത്താൻ ഇത്തരം കർശന നടപടികൾ അത്യാവശ്യമാണെന്ന് പാർട്ടി വ്യക്തമാക്കി.സഭയിലെ അച്ചടക്കലംഘനത്തെക്കുറിച്ചും ചെയറിന് നേരെ പേപ്പറുകൾ എറിഞ്ഞ സംഭവത്തെക്കുറിച്ചും ലോകസഭാ സ്പീക്കർക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും ബിജെപി അറിയിച്ചു.