പിന്റോ സ്മാരക പ്രഭാഷണവുമായി പ്രൊഫ. രാം പുനിയാനി തിരുവനന്തപുരത്ത്
ഇന്ത്യന്‍ ദേശീയത നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തിലാണ് പ്രഭാഷണം.
തിരുവനന്തപുരം: പതിമൂന്നാമത് പിന്റോ സ്മാരക പ്രഭാഷണം ജൂലൈ അഞ്ച് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പ്രസ് ക്ലബ്ബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ പ്രൊഫ. രാം പുനിയാനി നിര്‍വ്വഹിക്കും. ‘ഇന്ത്യന്‍ ദേശീയത നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തിലാണ് പ്രഭാഷണം.
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, കല്ലറ, ഭരതന്നൂര്‍ എന്നീ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടറായി ജോലി ചെയ്തിട്ടുള്ള സി.പിന്റോ എഴുത്തുകാരനും തൊണ്ണൂറുകളിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലെ മുന്‍നിരക്കാരനുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായിരിക്കെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ വീറുറ്റ പോരാട്ടങ്ങളുടെ നേതാവായിരുന്നു പിന്റോ. പത്രവാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ആ ചെറുപ്പക്കാരന്‍ അന്ന് ഏറ്റുവാങ്ങിയത് പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങളായിരുന്നു.
വിദ്യാഭ്യാസാനന്തരം സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയില്‍ പ്രവേശിച്ച പിന്റോ നാഡീകോശങ്ങളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ബാധിച്ച് 2005 ജൂലൈ അഞ്ചിന് 35-ാമത്തെ വയസ്സിലാണ് മരിക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച് അഞ്ചു വര്‍ഷം മാത്രം പിന്നിടുമ്പോഴാണ്, വൈദ്യശാസ്ത്രം ഇതുവരെ കാരണവും പരിഹാരവും കണ്ടെത്താത്തതും ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കു മാത്രം ബാധിക്കുന്നതുമായ രോഗത്തിന് താന്‍ അടിപ്പെട്ട വിവരം പിന്റോ മനസ്സിലാക്കുന്നത്. ചികില്‍സ ലഭ്യമല്ലാത്ത രോഗവുമായി പേശികളോരോന്നായി തളര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഭാര്യ ബെറ്റ്സിയുടെ കൃത്യതയാര്‍ന്ന പരിചരണത്തില്‍ അഞ്ചുവര്‍ഷം കൂടി അദ്ദേഹം തള്ളിനീക്കി.
പഠനകാലംമുതല്‍ എഴുത്തില്‍ സജീവമായിരുന്ന പിന്റോ ഭാര്യയുടെ സഹായത്തോടെ രോഗാവസ്ഥയിലും എഴുത്തു തുടര്‍ന്നു. കക്കാട് പുരസ്കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ പിന്റോയ്ക്ക് ലഭിച്ചു. ശൈത്യം, അഗ്നിയെ ചുംബിച്ച ചിത്രശലഭം, ഭഗവന്നൂര്‍ പറയുന്നത്, വിരല്‍ സ്പര്‍ശം തുടങ്ങിയ നോവലുകളും പിന്റോയുടെ കവിതകള്‍, മകള്‍ എന്നീ കവിതാ സമാഹാരങ്ങളും ആക്രി എന്ന ഒറ്റക്കവിതാ പുസ്തകവും പിന്റോയുടേതായുണ്ട്.
പിന്റോയോടൊപ്പം വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലും വിദ്യാലയങ്ങളിലും ഔദ്യോഗിക ജീവിതത്തിലും ഒപ്പമുണ്ടായിരുന്നവര്‍ ഒത്തുചേര്‍ന്ന് എല്ലാ വര്‍ഷവും ജൂലൈ അഞ്ചിന് പിന്റോ അനുസ്മരണം നടത്താറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഏറെ പ്രമുഖര്‍ വന്നുപോയ ഈ വേദിയില്‍ ഇത്തവണ എത്തുന്നത് സോഷ്യല്‍ ആക്ടിവിസ്റ്റും പൊവൈ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രൊഫസറുമായ രാം പുനിയാനിയാണ്. മനുഷ്യാവകാശ, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന പ്രൊഫ. പുനിയാനി മുംബൈയിലെ ‘ഏക്ത- കമ്മിറ്റി ഫോര്‍ കമ്യൂണല്‍ അമിറ്റി’യില്‍ അംഗവുമാണ്.
സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി ദീപക് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ എം.പി അഡ്വ. കെ.എന്‍. ബാലഗോപാല്‍ ആമുഖ പ്രഭാഷണം നടത്തും.