ഞങ്ങൾക്ക് തുറന്ന മനസ്സാണ്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം പ്രിയങ്ക
‘ഞാൻ വരുമ്പോൾ മാധ്യമശ്രദ്ധ ഉണ്ടാവുകയും നിങ്ങൾ പാർട്ടിയെ ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ഞാൻ പോയി കഴിയുമ്പോൾ അത് ഉണ്ടാകുന്നില്ല, അതുകൊണ്ടാണ് നിങ്ങൾക്കങ്ങനെ തോന്നുന്നത്’
ലക്നൗ ∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടികളുമായി കൈകോർക്കുമെന്ന് സൂചന നൽകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 403 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതേപ്പറ്റി പറയാനുള്ള സമയമായിട്ടില്ല എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
സഖ്യസാധ്യത തള്ളിക്കളയുന്നുണ്ടോ എന്ന ചോദ്യത്തിന് ഞങ്ങൾ അടഞ്ഞ ചിന്താഗതിക്കാരല്ലെന്നും പ്രിയങ്ക പറഞ്ഞു. ‘ഞങ്ങൾക്ക് തുറന്ന മനസ്സാണ്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. മറ്റു രാഷ്ട്രീയ പാർട്ടികളും തുറന്ന മനസ്സോടെ ഇക്കാര്യത്തെ സമീപിക്കണം. സഖ്യകാര്യത്തിൽ എനിക്ക് തുറന്ന മനസ്സാണ്. എന്നാൽ പ്രഥമ പരിഗണന എപ്പോഴും പാർട്ടിക്കായിരിക്കും’– പ്രിയങ്ക വ്യക്തമാക്കി.
പ്രിയങ്കയുടെ സാന്നിധ്യത്തിൽ യുപിയിൽ പാർട്ടി സജീവമാവുകയും പ്രിയങ്ക സംസ്ഥാനം വിട്ടാൽ നിഷ്ക്രിയമാവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നതെന്താണെന്നു മാധ്യമപ്രവർത്തകർ ചോദിച്ചു. ‘ഞാൻ വരുമ്പോൾ മാധ്യമശ്രദ്ധ ഉണ്ടാവുകയും നിങ്ങൾ പാർട്ടിയെ ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ഞാൻ പോയി കഴിയുമ്പോൾ അത് ഉണ്ടാകുന്നില്ല, അതുകൊണ്ടാണ് നിങ്ങൾക്കങ്ങനെ തോന്നുന്നത്’– പ്രിയങ്ക പറഞ്ഞു.പാർട്ടിയുടെ പ്രവർത്തനം എപ്പോഴും സുഗമമായി നടക്കുന്നുണ്ട്. കോവിഡ് സമയത്ത് കോണ്‍ഗ്രസ് നിരവധി പ്രവർത്തനങ്ങൾ ഇവിടെ ചെയ്തു. ഞങ്ങളുടെ പ്രവർത്തനങ്ങൾ ഫോട്ടോ എടുക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.