ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിച്ചു കേരളം സുപ്രിംകോടതിയിൽ
സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം വിവിധ പദ്ധതികളിലായി 18000 ലൈംഗിക തൊഴിലാളികള്‍ ആണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി: ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ തീരുമാനിച്ചതായി കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ഏത് ന്യായ വില ഷോപ്പില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വസ്തുക്കൾ വാങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.ലൈംഗികത്തൊഴിലാളികൾക്ക് അതിജീവനത്തിനായി ഡ്രൈ റേഷൻ നൽകണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ ഇത് സംബന്ധിച്ച ഉത്തരവ്.ഇറക്കിയിട്ടുള്ളത്
സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം വിവിധ പദ്ധതികളിലായി 18000 ലൈംഗിക തൊഴിലാളികള്‍ ആണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും വിവാഹിതരും കുട്ടികള്‍ ഉള്ളവരുമാണ്. എന്നാല്‍ നിലവില്‍ പലരും വിവാഹബന്ധം ഉപേക്ഷിക്കപ്പെട്ട് ആരുടെയും സഹായം ഇല്ലാതെ ജീവിക്കുന്നവരാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.കോവിഡ് മഹാമാരിക്ക് ശേഷം ദിവസ വരുമാനത്തില്‍ ഇടിവ് ഉണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല ലൈംഗിക തൊഴിലാളികളുടെയും ജീവിതം മോശമായ അവസ്ഥയില്‍ ആണെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു .
സംസ്ഥാനത്ത് 228 ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ല. ഇവര്‍ക്ക് കാര്‍ഡ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടുംബങ്ങളില്‍ നിന്ന് പുറത്തക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ തൊഴില്‍ എന്താണെന്ന് വെളിപ്പെടുത്താതെ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ് സൈറ്റില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ശുപാര്‍ശ കൂടി പരിഗണിച്ച് അപേക്ഷകര്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശിയാണ് സംസ്ഥാന സര്‍ക്കാരിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ലൈംഗിക തൊഴിലാളികളുടെ മൗലിക അവകാശമാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ലൈംഗിക തൊഴിലാളികള്‍ക്ക് ഇവ നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.കേരളത്തിനൊപ്പം മറ്റു സംസ്ഥാങ്ങളും ലൈംഗിക തൊഴിലാളികളോടുള്ള സമീപനം കോടതിയെ അറിയിച്ചിട്ടുണ്ട് .
ബ്രൗൺ റേഷൻ കാർഡ്
എൻഎഫ്എസ്എയുടെ കീഴിലുള്ള ക്ഷേമപദ്ധതിയുടെ ഭാഗമല്ലെങ്കിൽ അനാഥാലയങ്ങൾ, ആശ്രമങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികളെ പിഡിഎസിൽ ഉൾപ്പെടുത്താനും വകുപ്പ് ഉത്തരവിറക്കി. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട ബ്രൗൺ കളർ റേഷൻ കാർഡുകളുടെ ഒരു പുതിയ വിഭാഗം ഇവർക്ക് നൽകും. ഇവർക്ക് രണ്ട് കിലോ അരി ഒരു കിലോ 10.90 രൂപ നിരക്കിലും ഒരു കിലോ ഗോതമ്പും ലഭിക്കും. ഗോതമ്പ് വിതരണം ലഭ്യതയ്ക്ക് വിധേയമായിരിക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രണ്ട് കിലോ അരിയുടെ പ്രത്യേക വിഹിതം നൽകും