ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച്,പ്രധാനമന്ത്രി നരേന്ദ്ര മോദി
യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡൻറ് അറിയിച്ചു.
ടെഹ്റാൻ|ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേഗം സംഘർഷം തീർക്കണം എന്നും മോദി ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡൻറ് അറിയിച്ചു. ഇന്ത്യ കൂടെ നിൽക്കുന്നതിന് നന്ദിയെന്ന് ഷെയിക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പ്രതികരിച്ചു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ രണ്ടു രാജ്യങ്ങളും അനുകൂലിക്കുന്നു എന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭാ സമിതി യോഗം മേഖലയിലെ സ്ഥിതി വിശദമായി വിലയിരുത്തി. അതേ സമയം ഖമനേയിയെ വധിച്ചതിൽ ഇന്ത്യ മൗനം തുടരുകയാണ്.
അതേസമയം ഇസ്രയേലിലേക്കുള്ള ഇറാന്റെ മിസൈല്‍ ആക്രമണം അയവില്ലാതെ തുടരുന്നു. ഇസ്രയേല്‍ നഗരങ്ങളില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം രൂക്ഷമായി തന്നെ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെറുസലേമിലും ടെല്‍ അവീവിലും വെസ്റ്റ് ബാങ്കിലും ആക്രമണം തുടരുകയാണ്.ഹിസ്ബുള്ളയും ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നുണ്ട്. ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള ആക്രമണം കടുപ്പിക്കുകയാണ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കയേയും ഇസ്രയേലിനേയും നേരിടാന്‍ തങ്ങള്‍ തയ്യാറെന്നാണ് ഹിസ്ബുള്ള പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ നേതാവിനെ ഇല്ലാതാക്കിയ ക്രിമിനല്‍ സയണിസ്റ്റുകളേയും അമേരിക്കയേയും നേരിടുമെന്നാണ് അവരുടെ പ്രഖ്യാപനം. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന തരം സാഹസികതയ്ക്ക് ആരേയും അനുവദിക്കില്ലെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം പ്രതികരിച്ചു