വന്യജീവി ആക്രമണം തടയല്‍ ഗവര്‍ണറുടെ മുമ്പില്‍ നിര്‍ദ്ദേശങ്ങളുമായി കര്‍ഷക സംഘടനകള്‍ വനംമന്ത്രിയും മുഖ്യമന്ത്രിയും എത്താത്തിടത്ത് ഗവര്‍ണര്‍ എത്തിയതില്‍ സന്തോഷം
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 909 മനുഷ്യജീവനുകളാണ് വന്യജീവി ആക്രമണങ്ങളില്‍ പൊലിഞ്ഞത്. ഒരിടത്തും വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനംവകുപ്പിനായില്ല. മുന്നറിയിപ്പ് നല്‍കിയിട്ടും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലെടുക്കാന്‍ വനം വകുപ്പിനായില്ല. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന വനംവകുപ്പ് സമ്പൂര്‍ണ്ണ പരാജയപ്പെട്ടതായി കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി
മാനന്തവാടി |സംസ്ഥാനത്തെ വന്യ ജീവി ആക്രമണം സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രശ്‍നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ കർഷക സംഘടനകൾ ഗവർണ്ണർക്ക് നിവേദനം നൽകി . വന്യജീവി ആക്രമണം ഒഴിവാക്കാന്‍ കേന്ദ്രനിയമത്തില്‍ ഭേദഗതി, കേന്ദ്രത്തിന്റെ ഉന്നതാധികാര സമിതി സന്ദര്‍ശനം,സംസ്ഥാനത്ത് സ്വതന്ത്ര വന്യജീവി നിയമം,
നഷ്ടപരിഹാരം 50 ലക്ഷം രൂപാ, കൃഷിനാശത്തിന് ബാങ്ക് വായ്പയ്ക്ക്
സമാനമായ നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളാണ് ഗവർണ്ണർക്ക് മുന്നിൽ കർഷക സംഘടനകൾ മുന്നോട്ടു വച്ചിട്ടുള്ളത് . സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകള്‍.കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 909 മനുഷ്യജീവനുകളാണ് വന്യജീവി ആക്രമണങ്ങളില്‍ പൊലിഞ്ഞത്. ഒരിടത്തും വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനംവകുപ്പിനായില്ല. മുന്നറിയിപ്പ് നല്‍കിയിട്ടും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലെടുക്കാന്‍ വനം വകുപ്പിനായില്ല. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന വനംവകുപ്പ് സമ്പൂര്‍ണ്ണ പരാജയപ്പെട്ടതായി കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി.
വന്യജീവി ആക്രമണം തടയാൻ കഴിയാത്തത് കേന്ദ്ര നിയമങ്ങളാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത് . കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടുകളും കോടതിവിധികളും മനുഷ്യനെയല്ല വന്യജീവികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് ഒന്നാം സ്ഥാനം നല്‍കുന്നതെന്ന തെറ്റായ പ്രചരണം സംസ്ഥാന വനംവകുപ്പ് നല്‍കുന്നു.
കേരളത്തില്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ ഉണ്ടായ 909 വന്യജീവി ആക്രമണ കൊലപാതകങ്ങളില്‍ 95% വും നടന്നിരിക്കുന്നത് വനത്തിന് പുറത്ത് കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമാണ്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനവും കേരളം തന്നെ.
അസാധാരണമായ വന്യജീവി വളര്‍ച്ചയാണ് ദേശീയ തലത്തില്‍ കേരളത്തില്‍ മാത്രം നടക്കുന്നത്. 1993 നും 2017 നും ഇടയില്‍ ദേശീയ തലത്തില്‍ ആനകള്‍ 17% മാത്രമാണ് വര്‍ദ്ധിച്ചത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തിലെ കാട്ടാന വളര്‍ച്ച 10% ആണെങ്കില്‍ തമിഴ്‌നാട്ടിലെ വളര്‍ച്ച 20%. 1993 ല്‍ ആനജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ആസാമില്‍ ആന വളര്‍ച്ച 3.5% മാത്രം. എന്നാല്‍ കേരളത്തിലെ വനങ്ങളിലെ ആനവളര്‍ച്ച 63% ആണ്. അസാധാരണമായ ഈ ആനവളര്‍ച്ചയാണ് കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങി നിരപരാധികളെ കൊല്ലാനുളള കാരണം.
ആനകള്‍ അസാധാരണമായി വളര്‍ന്ന കേരളത്തില്‍ ആനകള്‍ക്ക് ജീവിക്കാനാവശ്യമായ വനം ലഭ്യമല്ല. ജാര്‍ഖണ്ഡില്‍ ഒരു ആനയ്ക്ക് 33.80 ചതുരശ്ര കിലോമീറ്റര്‍ വനം ലഭ്യമാണ്. ഒഡീഷയില്‍ 22.40, മേഘാലയില്‍ 8.44, തമിഴ്‌നാട്ടില്‍ 6.35. എന്നാല്‍ കേരളത്തിലെ ഒരു കാട്ടാനയ്ക്ക് ജീവിക്കാന്‍ ലഭിക്കുന്ന വനവിസ്തൃതി കേവലം 1.7 ചതുരശ്ര കി.മീ. വനഭൂമി മാത്രമാണ്. ഈ ഒറ്റക്കാരണത്താലാണ് കേരളത്തില്‍ മാത്രം ആനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.
കേരളത്തിലെ 106 ഗ്രാമപഞ്ചായത്തുകളിലെ 34,36,142 മനുഷ്യര്‍ വനാതിര്‍ത്തികളിലെ വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തികളില്‍ താമസിക്കുന്നു.
നിലവിലെ വന്യജീവി സംരക്ഷണ നിയമത്തില്‍ വനംഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് നാട്ടിലിറങ്ങുന്ന വന്യജീവികളെ വേട്ടയാടാനോ നിയന്ത്രിക്കാനോ അധികാരമുളളത്. എന്നാല്‍ വന്യജീവി സംരക്ഷണ നിയമം വനത്തിനുള്ളില്‍ മാത്രമാണ് നടപ്പാക്കാനാവുന്നത്. വന്യജീവികള്‍ വനത്തിന് വെളിയിലെത്തി മനുഷ്യജീവന് ഭീഷണിയായാല്‍ അതിനെ നിയന്ത്രിക്കാനുള്ള അധികാരം ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (CrPc) 133(f) വകുപ്പ് പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ക്കാണ്. എന്നാല്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ 2023 മേയ് 19 ന് കണമല വന്യജീവി ആക്രമണത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ച സാഹചര്യത്തില്‍ കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ കോട്ടയം കളക്ടര്‍ പോലീസിന് നല്‍കിയ ഉത്തരവിനെതിരെ വനംവകുപ്പ് നിലപാടെടുത്ത് പ്രശ്‌നം വഷളാക്കി. ഇക്കാര്യത്തില്‍ 10 മാസം കഴിഞ്ഞിട്ടും കളക്ടറുടെ അധികാരം വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നില്ല. ഇക്കാര്യത്തില്‍ നാട്ടിലിറങ്ങുന്ന വന്യജീവികളെ മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ വെടിവെച്ച് കൊല്ലാനുള്ള അധികാരം കളക്ടര്‍ക്കാണെന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണം.
കേരളത്തില്‍ 16846 കിലോമീറ്റര്‍ വനാതിര്‍ത്തിയുണ്ട്. ഇതില്‍ 6000 കി.മീ. ജനവാസ കേന്ദ്രങ്ങളുമായുള്ള അതിര്‍ത്തിയാണ്. ഇവിടെ ജനങ്ങളെ വന്യജീവികളില്‍ നിന്നും സംരക്ഷിക്കാന്‍ ആകെയുള്ളത് 124 ഫോറസ്റ്റ് ഡിവിഷനുകളും 7247 വനം വകുപ്പ് ജീവനക്കാരും മാത്രം. എന്നാല്‍ അതേ സമയത്ത് കേരളത്തില്‍ 550 പോലീസ് സ്റ്റേഷനുകളും 62,000 പോലീസുകാരുമുണ്ട്. അതുകൊണ്ടുതന്നെ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് ഫലപ്രദമായി തടയാന്‍ വനംവകുപ്പിനേക്കാള്‍ കൂടുതല്‍ പോലീസ് വകുപ്പിനാകും. അതുകൊണ്ടുതന്നെ വനം വകുപ്പ് വനത്തിനുള്ളിലെ വന്യജീവി സംരക്ഷണം മാത്രം ഏറ്റെടുത്താല്‍ മതി, വനത്തിന് പുറത്ത് ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളെ പോലീസ് നിയന്ത്രിക്കണം.
സംസ്ഥാന പോലീസ് വകുപ്പില്‍ ഒരു വനം പോലീസ് വിഭാഗമുണ്ടാക്കണം. നിലവിലെ ട്രാഫിക് പോലീസിന് സമാനമായി. 25 വര്‍ഷം മുമ്പ് ഗതാഗത നിയന്ത്രണം മോട്ടോര്‍ വാഹന വകുപ്പിനായിരുന്നെങ്കില്‍ ഇന്നത് ട്രാഫിക് പോലീസിനാണ്. ആയതിനാല്‍ ജനവാസ കേന്ദ്രങ്ങളിലെയും വനത്തിന് പുറത്തുള്ള മേഖലകളിലെയും വന്യജീവി നിയന്ത്രണം പോലീസിന്റെ അധികാരപരിധിയില്‍ ആക്കാന്‍ സംസ്ഥാനം നിയമനിര്‍മ്മാണം തന്നെ നടത്തണം. വനംവകുപ്പ് ജീവനക്കാരേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ പോലീസിസുകാര്‍ക്ക് ഉള്ളതിനാല്‍ വനാതിര്‍ത്തിക്ക് പുറത്തെ വന്യജീവി നിയന്ത്രണം പോലീസിന്റെ അധികാര പരിധിയില്‍ ആക്കണം. അപകടകാരികളായ, ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നല്‍കാന്‍ അടിയന്തിര നിയമനിര്‍മ്മാണമുണ്ടാകണം.
കേന്ദ്ര വനനിയമത്തിലെ 5(2) വകുപ്പ് ഭേദഗതി ചെയ്ത് അപകടകാരികളായ വന്യജീവികളെ നിയന്ത്രിക്കാനുള്ള അധികാരം ജില്ലാ കളക്ടര്‍/ജില്ലാ പോലീസ് മേധാവി എന്നിവരില്‍ നിക്ഷിപ്തമാക്കണം. വന്യജീവികളെ നേരിടുന്നതിനായി നിയമഭേദഗതി വേണമെന്ന 2024 ഫെബ്രുവരി 16-ാം തീയതിയിലെ കേരള നിയമസഭയുടെ ഐക്യകണ്‌ഠേനയുള്ള പ്രമേയത്തിന്റെ വെളിച്ചത്തില്‍ കേന്ദ്രം അടിയന്തിര നടപടികള്‍ എടുക്കുന്നില്ലെങ്കില്‍ ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര നിയമസഭകള്‍ കേന്ദ്ര നിയമത്തിന് സമാന്തരമായി സംസ്ഥാന നിയമങ്ങള്‍ ഉണ്ടാക്കിയ മാതൃകയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കാന്‍ കളക്ടറെയും പോലീസ് ജില്ലാ മേധാവിയേയും അധികാരപ്പെടുത്തുന്ന തരത്തില്‍ സ്വതന്ത്ര സംസ്ഥാന നിയമം ഉണ്ടാക്കണം. ജെല്ലിക്കെട്ട് വിഷയത്തില്‍ സമാന്തര സംസ്ഥാന നിയമങ്ങള്‍ ശരിയാണെന്നായിരുന്നു 2023 മേയില്‍ സുപ്രീംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും അതിക്രമങ്ങളും അത് സംബന്ധിച്ച പരാതികളും നിലവിലെ പോലീസ് കംപ്ലയിന്റ്‌സ് അതോറിട്ടിയുടെ അധികാര പരിധിയിലാക്കണം.
വനാതിര്‍ത്തികള്‍ പങ്കിടുന്ന ജില്ലകളിലെ ജില്ലാ കോടതികളില്‍ വന്യജീവി ആക്രമണ നഷ്ടപരിഹാരം തീരുമാനിക്കുന്നതിനും അത്തരം നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കുന്നതിനുമായി ഫോറസ്റ്റ് ട്രൈബ്യൂണല്‍ കോടതികള്‍ അടിയന്തിരമായി സ്ഥാപിക്കണം.
വനംവകുപ്പിന്റെ മുഴുവന്‍ ഓഫീസുകളും വനാതിര്‍ത്തിയിലെ വന്യജീവീ സംഘര്‍ഷം കൂടുതലുള്ള സ്ഥലങ്ങളിലേക്ക് അടിയന്തിരമായി മാറ്റി സ്ഥാപിക്കണം.
വന്യജീവി ആക്രമണത്തില്‍ മരണമടയുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 50 ലക്ഷം രൂപയായി ഉയര്‍ത്തണം.വന്യജീവി ആക്രമണത്തില്‍ കൃഷിനാശം സംഭവിക്കുമ്പോള്‍ നഷ്ടപരിഹാരതുക നിശ്ചയിക്കുന്നത് സംസ്ഥാന ബാങ്കേഴ്‌സ് അവലോകന സമിതിക്കായി സംസ്ഥാന സഹകരണ വകുപ്പ് എല്ലാ വര്‍ഷവും പുറത്തിറക്കുന്ന ”സ്‌കെയില്‍ ഓഫ് ഫിനാന്‍സ് ഫോര്‍ ഗ്രോയിംഗ് ക്രോപ്‌സ്” അടിസ്ഥാനത്തിലാക്കണമെന്നും കർഷക സംഘടനകൾ ഗവർണ്ണറോട് ആവശ്യപ്പെട്ടു .