രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ അതിജീവിതയ്‌ക്കെതിരായ എല്ലാ ഉളളടക്കവും നീക്കം ചെയ്യണം മെറ്റയ്ക്ക് കത്തയച്ച് പൊലീസ്
അതിജീവിതയെ അധിക്ഷേപിച്ച പരാതിയിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുൽ ഈശ്വറെ ഇന്ന് മജിസ്സ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും
തിരുവനന്തപുരം | രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ അതിജീവിതയ്‌ക്കെതിരായ എല്ലാ ഉളളടക്കവും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തയച്ച് പൊലീസ്. പോസ്റ്റുകളും കമന്റുകലും ഉള്‍പ്പെടെ നീക്കം ചെയ്യണമെന്നാണ് ആവശ്യം. വ്യക്തിഗത വിവരങ്ങള്‍ നീക്കണമെന്നും പൊലീസ് മെറ്റയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുകയാണ്. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലിന്റെയും അതിജീവിതയുടെയും തന്നെയാണെന്ന് വ്യക്തമായി. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. ശബ്ദരേഖയില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഡബ്ബിങ്, എഐ സാധ്യതകള്‍ എസ്‌ഐടി പൂര്‍ണമായും തളളി. ബാക്കിയുളള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന നടക്കുന്നത്.
അതിജീവിതയെ അധിക്ഷേപിച്ച പരാതിയിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുൽ ഈശ്വറെ ഇന്ന് മജിസ്സ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അന്വേഷണത്തിൻ്റെ ഭാഗമായി രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിശോധന നടത്താനിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി.
അതേസമയം, കേസിൽ നാലു പേരെ പ്രതിചേർത്തു. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവരെയാണ് സൈബർ ആക്രമണ കേസിൽ പ്രതിചേർത്തത്. ദീപ ജോസഫ് രണ്ടു പോസ്റ്റുകളിലൂടെ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.