അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്.
അർജുന്റെ മാതൃസഹോദരി ഹേമമാലിനിയുടെ പരാതിയിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കോഴിക്കോട്: അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. അർജുന്റെ മാതൃസഹോദരി ഹേമമാലിനിയുടെ പരാതിയിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർമ ന്യൂസ് അടക്കമുള്ള ഓൺലൈൻ ചാനലുകളുടെയും വ്യക്തികളുടെയും വിവരങ്ങൾ അടക്കമാണ് പരാതി നൽകിയിരുന്നത്. ഭാരതീയ ന്യായ സംഹിത 192 ,79, 336\4 എന്നീ വകുപ്പുകൾ ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്.
അർജുൻ്റെ അമ്മയും മാതൃസഹോദരിയും നടത്തിയ വാർത്താ സമ്മേളനത്തിലെ ഭാഗങ്ങൾ തെറ്റായി എഡിറ്റ് ചെയ്തായിരുന്നു സൈബർ ആക്രമണത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ അമ്മയെ,’നമ്മുടെ അച്ഛനും ആർമിയിലായിരുന്നു’ എന്ന് പറഞ്ഞു മാതൃസഹോദരി വാർത്താ സമ്മേളനത്തിൽ തിരുത്തിയിരുന്നു. ആ വീഡിയോ എഡിറ്റ് ചെയ്ത് ‘ആർമിയെ കുറ്റം പറയൂ’ എന്ന ശബ്ദ സന്ദേശം ചേർത്തായിരുന്നു കുടുംബത്തിനെതിരെ സൈബറിടങ്ങളിൽ അധിക്ഷേപം നടത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ഫേസ്ബുക്കിനും യുട്യൂബിനും സൈബർ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിക്കും തുടർ നടപടികൾ.