സി ജെ റോയ്‌യുടെ മരണത്തിൽ കേസെടുത്ത് പൊലീസ്.
ഉദ്യോഗസ്ഥരിൽ നിന്ന് വിശദമായി മൊഴിയെടുക്കുമെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ വ്യക്തമാക്കി. പരിശോധന നടത്തിയ ഐ ടി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു
ബെംഗളൂരു| കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണത്തിൽ കേസെടുത്ത് പൊലീസ്. അശോക് നഗർ പൊലീസാണ് കേസെടുത്തത്. കേരളത്തിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥരിൽ നിന്ന് വിശദമായി മൊഴിയെടുക്കുമെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ വ്യക്തമാക്കി. പരിശോധന നടത്തിയ ഐ ടി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വൈകിട്ട് മൂന്നിനും 3.15നും ഇടയിലാണ് സി ജെ റോയിയുടെ മരണ വിവരം സ്റ്റേഷനിലറിഞ്ഞതെന്നും കമ്മീഷണർ അറിയിച്ചു.സി ജെ റോയ്‌യുടെ മരണത്തില്‍ ആദായ വകുപ്പിനെതിരെ ഗുരുത ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയ്‌യുടെ സഹോദരന്‍ സി ജെ ബാബു ആരോപിച്ചിരുന്നു. ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദി. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
മൂന്ന് ദിവസമായി റോയിയെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇത് റോയ്‌യെ മാനസികമായി തളര്‍ത്തി. ഇക്കഴിഞ്ഞ ഡിസംബറിലും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.ഇന്ന് ഉച്ചയോടെയാണ് റോയ് ജീവനൊടുക്കുന്നത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് റോയ്‌യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ചായിരുന്നു റോയ് നിറയൊഴിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോയ്‌യെ ആദായ നികുതി ഉദ്യോഗസ്ഥര്‍ തന്നെയാണ് ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.