പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഗവർണറെ സമീപിച്ചേക്കും
പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ രാഷ്ട്രീയതീരുമാനം എടുത്തെങ്കിലും ഭരണപരമായ നടപടിക്രമങ്ങള്‍ ബാക്കിയാണ്.
തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കാൻ കേരള സർക്കാർ. ഇത്തരമൊരു തീരുമാനത്തിന്റെ സാഹചര്യം ഗവര്‍ണറെ ബോധ്യപ്പെടുത്താനാണ് തീരുമാനം. പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ രാഷ്ട്രീയതീരുമാനം എടുത്തെങ്കിലും ഭരണപരമായ നടപടിക്രമങ്ങള്‍ ബാക്കിയാണ്.
പാര്‍ട്ടിയുടേയും മുന്നണിയുടേയും നയങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്ന വിമര്‍ശനം ഒഴിവാക്കാന്‍ സര്‍ക്കാരിന് മുന്നില്‍ മറ്റുവഴികള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി ഇനി മൂന്നു വഴികളാണ് സര്‍ക്കാരിനു മുന്നില്‍. ഭരണഘടനയുടെ അനുച്ഛേദം 213(2)പ്രകാരം നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതല്‍ ആറാഴ്ച വരെ ഓര്‍ഡിനന്‍സ് നിയമപ്രാബല്യമുണ്ടാകും. ആറാഴ്ചയ്ക്കുള്ളില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകും. ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാമെന്നാണ് മറ്റൊരു വഴി.