തൃശ്ശൂരിൽ നിന്ന് മോശം വാർത്ത വരുമെന്ന് പറഞ്ഞിട്ടില്ല; ബിജെപി മൂന്നാമതാകും: ടി എൻ പ്രതാപൻ
ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം യുഡിഎഫിന് കിട്ടും. കുറഞ്ഞത് 25,000 വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടാകും.
തൃശ്ശൂർ: കെപിസിസി നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് താൻ ആശങ്ക അറിയിച്ചെന്ന വാർത്ത നിഷേധിച്ച് ടി എന്‍ പ്രതാപന്‍. തൃശ്ശൂരിൽ നരേന്ദ്രമോദിക്ക് എതിരായാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം യുഡിഎഫിന് കിട്ടും. കുറഞ്ഞത് 25,000 വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടാകും. ഇടതുപക്ഷമാകും തൃശ്ശൂരിൽ രണ്ടാമതെത്തുക. ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടിഎൻ പ്രതാപൻ പറഞ്ഞിരുന്നു.
വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്നും സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം തിരിച്ചടി ആയെന്നും ടി എൻ പ്രതാപൻ കെപിസിസി നേതൃയോഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു എന്നായിരുന്നു മുമ്പ് വന്ന വാർത്ത. തൃശ്ശൂരിൽ നിന്ന് നെഗറ്റീവ് വാർത്ത വരുമെന്നായിരുന്നു ടി എൻ പ്രതാപൻ ഉന്നയിച്ച ആശങ്ക. ഇങ്ങനെയൊരു വാർത്ത വന്നത് എങ്ങനെയെന്നറിയില്ല എന്ന് ടി എൻ പ്രതാപൻ പറഞ്ഞു. യോഗത്തിൽ നടന്ന ചർച്ചകൾ സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.
സുരേഷ് ഗോപി വരുന്നതിന് മുമ്പ് തൃശ്ശൂരിൽ യുഡിഎഫിന് അനുകൂലമായ വലിയ തരംഗമുണ്ടായിരുന്നു. സുരേഷ് ഗോപി സ്ഥാനാർത്ഥിയായി എത്തിയ ശേഷം കുറച്ച് വോട്ടുകളിലൊക്കെ വ്യത്യാസം വന്നിട്ടുണ്ടാകാം. എങ്കിലും ബിജെപി മൂന്നാം സ്ഥാനത്ത് പോകുമെന്ന് തൃശ്ശൂരിൽ പ്രവർത്തിച്ച പ്രവർത്തകർക്ക് ബോധ്യമുണ്ടെന്ന് ടി എൻ പ്രതാപൻ പറഞ്ഞു. തൃശ്ശൂരിൽ മാത്രമല്ല, ആലത്തൂരും ചാലക്കുടിയും യുഡിഎഫ് ജയിക്കുമെന്ന് ടി എൻ പ്രതാപൻ പറഞ്ഞു.