കേരളത്തില്‍ ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്നും പിണറായി
മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും നല്‍കും. ഒരു കുടുംബവും പട്ടിണികിടക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തില്‍ ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്നും അതിനുള്ള എല്ലാ സംവിധാനവും സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളിലൂടെ ചെയ്യുമെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് അരിക്കൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നതു പോലെ തന്നെ അരിയും ഭക്ഷ്യവസ്തുക്കളും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും നല്‍കും. ഒരു കുടുംബവും പട്ടിണികിടക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കൊയ്ത്ത് നടക്കേണ്ട ഘട്ടമാണ്. കൊയ്ത്ത് ഇപ്പോള്‍ തന്നെ നടക്കണം. അതിനാല്‍ അവശ്യസര്‍വീസ് ആയി കാണും. കളക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശികമായി കാര്‍ഷികോത്പന്നങ്ങളും നാണ്യവിളകളും ശേഖരിക്കുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. സ്വകാര്യ ആശുപത്രികളിലെ പ്രവര്‍ത്തനമില്ലാത്ത കെട്ടിടങ്ങള്‍ ഏറ്റെടുക്കും. ക്ഷേമപെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്ത് തുടങ്ങും. 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തും.ഇതുവഴി ഹോം ഡെലിവറി നടപ്പിലാക്കും. പ്രൈമറി ഹെല്‍ത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും വിതരണം ചെയ്യുന്ന മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പച്ചക്കറികള്‍ തടസമില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതിന് ചര്‍ച്ച നടത്തും. ട്രാന്‍സ്‌ജെന്റേഴ്‌സിന് പ്രത്യേക പാര്‍പ്പിട സൗകര്യം ഒരുക്കും. ഹോര്‍ട്ടികോര്‍പ്പിനെ അവശ്യ സര്‍വീസാക്കും. പഞ്ചായത്തുകളെ അവശ്യ സര്‍വീസായി കണക്കാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ല. ഓരോ പ്രദേശത്തും വ്യത്യസ്തരായ ആളുകളുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവരും സാഹചര്യം ഇല്ലാത്തവരും ഉണ്ടാകാം. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകില്ല. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരില്ല. ഭക്ഷണം ഉണ്ടാക്കാനാകാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കണം. അവര്‍ അതിനുവേണ്ടി കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കും. ഓരോ പഞ്ചായത്തിലുമുള്ള കമ്യൂണിറ്റി കിച്ചണില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലേക്ക് എത്തിക്കും.
ഓരോ പഞ്ചായത്തും നഗരസഭയും എത്രപേര്‍ക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്നത് സംബന്ധിച്ച കണക്ക് ശേഖരിക്കണം. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കണം. ഏതെങ്കിലും കുടുംബത്തെ വിട്ടുപോയാല്‍ അത്തരം കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനും ഭക്ഷണം വേണമെന്ന് ആവശ്യപ്പെടാനും ഒരു ടെലിഫോണ്‍ നമ്പര്‍ നല്‍കും. ആവശ്യമായ പാചകക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു