കേരളത്തിലെ കോണ്‍ഗ്രസ് തങ്ങളുടെ നേതാവായി അംഗീകരിക്കുന്നത് രാഹുല്‍ ഗാന്ധിയെയല്ല, അമിത് ഷായെയാണെന്ന് പിണറായി;

കോണ്‍ഗ്രസിന്റെ കൂടെയുള്ള നേതാക്കളില്‍ പകുതിയിലധികം ബിജെപിക്കൊപ്പമാണ്. സ്ത്രീകളെ തടയുമെന്ന് ബിജെപിക്കാരെക്കാള്‍ ഉച്ചത്തില്‍ പറയുന്നത് ജാഥ നടത്തിയ കോണ്‍ഗ്രസ് നേതാവാണ്.

0

തിരുവനതപുരം :ശബരിമല വിഷയത്തില്‍ സുപ്രീം കോടതിവിധിയെ അനുകൂലിക്കുന്നതായി രാഹുല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്നാണ് ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. ശബരിമല സമരത്തിന് കൊടിയെടുക്കാതെ ബിജെപിക്കൊപ്പം ചേരാനാണ് കോണ്‍ഗ്രസ് ആദ്യം പറഞ്ഞത്.കോണ്‍ഗ്രസിന്റെ കൂടെയുള്ള നേതാക്കളില്‍ പകുതിയിലധികം ബിജെപിക്കൊപ്പമാണ്. സ്ത്രീകളെ തടയുമെന്ന് ബിജെപിക്കാരെക്കാള്‍ ഉച്ചത്തില്‍ പറയുന്നത് ജാഥ നടത്തിയ കോണ്‍ഗ്രസ് നേതാവാണ്. ബിജെപിക്ക് വളംവച്ചുകൊടുക്കുകയും ആളുകളെ അങ്ങോട്ട് തള്ളിവിടുകയുമാണ് കോണ്‍ഗ്രസ്.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതയുള്ള പാര്‍ടിയാണെന്ന് അവര്‍ മറക്കുകയാണ്. പണ്ഡിറ്റ് നെഹ്റു നയിച്ച പാര്‍ടിയുടെ പിന്മുറക്കാരുടെ അവസ്ഥ ദയനീയമാണെന്നും പിണറായി പറഞ്ഞു.ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും എതിര്‍ക്കാന്‍ മുസ്ലിംലീഗ് ബിജെപിക്കും ആര്‍എസ്എസിനും മുന്നില്‍ സ്വയം കഴുത്ത് കാണിച്ചുകൊടുക്കുകയാണ്. എന്തിനാണ് ഇത്തരമൊരു നിലപാടെന്ന് ലീഗ് പരിശോധിക്കണം. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ നാല് മന്ത്രിസ്ഥാനം വലുതായിക്കണ്ട് നിലകൊണ്ട പാര്‍ടിയാണ് ലീഗ്.

വിശ്വാസമാണ് പ്രധാനം എന്ന് കോണ്‍ഗ്രസിനൊപ്പം പറയുമ്പോള്‍ ലീഗ് കുറച്ച് ആലോചിക്കണം. ബാബ്റി മസ്ജിദ് പൊളിച്ചത് കോടതി പറഞ്ഞിട്ടല്ലെന്നാണ് ആര്‍എസ്എസും ബിജെപിയും ഇന്നും പറയുന്നത്. ക്ഷേത്രം നിര്‍മിക്കാനും കോടതി ഉത്തരവ് വേണ്ടെന്ന് പരസ്യമായി ആവര്‍ത്തിക്കുന്നു.കോടതിയും ഭരണഘടനയുമല്ല പ്രധാനമെന്ന് പറയുന്ന ആര്‍എസ്എസ് വാദത്തിന് ബലംപകരുകയാണ് ലീഗ്. താജ്മഹലിനകത്ത് പൂജനടത്തി ക്ഷേത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമമെന്നാണ് വാര്‍ത്ത.നിരവധി ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്കുമേല്‍ ക്ഷേത്രമെന്ന് അവകാശവാദമുന്നയിച്ചിട്ടുണ്ട് ആര്‍എസ്എസ്. ഇതിനെല്ലാം തലവച്ചുകൊടുക്കുകയാണ്, വിശ്വാസമാണ് പ്രധാനമെന്ന് പ്രചരിപ്പിക്കുന്നതിലൂടെ ലീഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-