യുഎപിഎ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല ,ശബരമലയിൽ സുപ്രിം കോടതി വിധി നടപ്പാകും:മുഖ്യമന്ത്രി

കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

0

തിരുവനന്തപുരം: യുഎപിഎ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.അറസ്റ്റിലായ അലൻ ഷുഹൈബിന്റെ ബാഗിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെടുത്തെന്ന് പിണറായി വിജയൻ പറഞ്ഞു. താഹ ഫസലിന്‍റെ വീട്ടിൽ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകം കണ്ടെടുത്തു. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. യുഎപിഎ ചുമത്തിയ പൊലീസ് നടപടിയിൽ സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തും

അട്ടപ്പായി മാവോയിസ്റ്റ് വേട്ടയും പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റും ഭരണകൂട ഭീകരതയാണെന്നും ഇതുരണ്ടും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടത്. മുൻ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഉള്ളത് കൊണ്ടു മാത്രം ഒരാൾ മാവോയിസ്റ്റ് ആകുമോ എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു. കോടതിയുടെ പരിഗണനയിലുള്ള കേസ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.അട്ടപ്പാടിയിൽ മാവോയിസ്റ്റ് നേതാവ് മണിവാസകത്തെ തലയിൽ വെടിവെച്ചത് ശരിയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മറ്റുള്ളവരെ പിന്നിൽ നിന്ന് വെടിവച്ചിടുകയാണ് ചെയ്തത്. മാവോയിസ്റ്റുകൾക്ക് നേരെ വെടിയുതിര്‍ത്ത പൊലീസുകാർക്കെതിരെ എന്ത് നടപടിയെടുത്തു എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു.  കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ കുട്ടികൾക്കെതിരായാണ് യുഎപിഎ ചുമത്തിയിട്ടുള്ളത്.

യുഎപിഎ ദുരുപയോഗം തടയാൻ ഇടത് സർക്കാരാണ് മുൻകരുതൽ എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1967 ൽ ആരാണ് യുഎപിഎ നിര്‍മ്മിച്ചതെന്ന് പറയുന്നില്ല. 2019 ൽ വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കും വിധം ബി ജെ പി നിയമം ഭേദഗതി ചെയ്തപ്പോൾ ഇതിനെ എതിർത്തത് ഇടത് പക്ഷം മാത്രമായിരുന്നു. യുഡിഎഫ് സർക്കാർ കാലത്തെടുത്ത 6 യുഎപിഎ കേസുകൾ ഈ സര്‍ക്കാര്‍ റദ്ദാക്കിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കരിനിയമത്തിന് ബിജെപിക്കൊപ്പം നിന്ന യുഡിഎഫും കോൺഗ്രസും പൗരാവകാശ സംരക്ഷകരുടെ വേഷം കെട്ടേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ശബരമല പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു‍. പുനഃപരിശോധനയുടെ കാര്യത്തിലും സർക്കാർ നയം ഇതാണ്. പുനഃപരിശോധന ഹരജിയിലുള്ള സുപ്രീം കോടതി വിധി അനുസരിച്ച് സർക്കാർ നിലപാടെടുക്കും.

ശബരിമലയില്‍ സ്ത്രീകളെ സർക്കാർ നേരത്തെയും കൊണ്ട് പോയിട്ടില്ല ഇനിയും കൊണ്ട് പോകില്ല. നിയമനിർമ്മാണം നടത്താൻ കഴിയില്ലെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറ‍ഞ്ഞു.അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ ആണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്

You might also like

-