ഫിലിപ്പീൻ ഗാർഹികതൊഴിലാളി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം കുവൈറ്റിലെ തൊഴിലകളെ അയക്കുന്നത് വിലക്കുമെന്ന് ഫിലിപ്പീൻസ്
ഫിലിപ്പീൻ ഗാർഹികതൊഴിലാളി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഫിലിപ്പീൻസ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.കോൺസ്റ്റാൻഷ്യ ലാഗോ ദയാഗ് എന്ന 48 കാരിയാണ് ശാരീരിക പീഡനത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുവൈത്തിൽ മരിച്ചത്
കുവൈത്ത്സിറ്റി : ഫിലിപ്പീൻ തൊഴിലാളികൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് വിലക്കുമെന്നു ഫിലിപ്പൈൻസിന്റെ മുന്നറിയിപ്പ്. ഫിലിപ്പീൻ ഗാർഹികതൊഴിലാളി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഫിലിപ്പീൻസ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.കോൺസ്റ്റാൻഷ്യ ലാഗോ ദയാഗ് എന്ന 48 കാരിയാണ് ശാരീരിക പീഡനത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുവൈത്തിൽ മരിച്ചത്
2016 ജനുവരി മുതൽ കുവൈത്തിൽ ഗാർഹികത്തൊഴിലാളിയാണിവർ. സംഭവത്തിൽ ഫിലിപ്പൈൻസ് എംബസി ചാർജ് ഡി അഫയേഴ്സ് മുഹമ്മദ് നൂർദീൻ പെൻഡോസിന കുവൈത്ത് ഫോറൻസിക് വകുപ്പിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. കേസിൽ എംബസ്സി പ്രത്യേക അഭിഭാഷകനെ ഏർപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം ജൊആന ഡാനിയേല എന്ന ഫിലിപ്പൈൻ യുവതിയുടെ മൃതദേഹം ഫ്രീസറിൽ കണ്ടെത്തിയ സംഭവം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. പിന്നീട് ഗാർഹികത്തൊഴിലാളികളെ സ്പോൺസർമാരിൽനിന്ന് ഒളിച്ചോടാൻ എംബസി ജീവനക്കാർ സഹായിച്ചതിന്റെ പേരിൽ ഫിലിപ്പൈൻ അംബാസഡറെ കുവൈത്ത് തിരിച്ചയച്ചിരുന്നു. മുഴുവൻ തൊഴിലാളികളോടും കുവൈത്തിൽനിന്ന് മടങ്ങാൻ ഫിലിപ്പീൻ പ്രസിഡൻറ് റോഡ്രിഗോ ദുറ്റെർട്ടിയുടെ ആഹ്വാനവുമുണ്ടായി. ഏറെ ചർച്ചകൾക്കൊടുവിലാണ് പ്രശ്നം പരിഹരിക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ പുതിയ റിക്രൂട്ട്മെൻറ് കരാർ ഒപ്പിടുകയും ചെയ്തത്. കുവൈത്തിലെ നാലാമത്തെ വലിയ വിദേശി സമൂഹമാണ് ഫിലിപ്പീനികൾ. 60 ശതമാനവും ഗാർഹികത്തൊഴിലാളികളാണ്.