കെ വി തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് അധ്യക്ഷന്‍ പി സി ചാക്കോ

സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് കോണ്‍ഗ്രസ് ചരിത്രത്തിലാദ്യത്തെ സംഭവമാണെന്നും കെ വി തോമസിനെതിരെ നടപടിയെടുക്കുന്നത് തെറ്റാണെന്നും പി സി ചാക്കോ പറഞ്ഞു

0

കോഴിക്കോട് | കെ വി തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ . കെ വി തോമസിനെതിരെ നടപടിയെടുക്കാൻ സെമിനാർ ഒരു കാരണം മാത്രമാണ്. കോൺഗ്രസിൻ്റെ ചരിത്രത്തിന് തന്നെ ഇത് അപമാനമാണ്. തിരുത്തേണ്ട ഹൈക്കമാൻഡ് എല്ലാം അംഗീകരിക്കുന്നുവെന്നും പി സി ചാക്കോ വിമര്‍ശിച്ചു.സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് കോണ്‍ഗ്രസ് ചരിത്രത്തിലാദ്യത്തെ സംഭവമാണെന്നും കെ വി തോമസിനെതിരെ നടപടിയെടുക്കുന്നത് തെറ്റാണെന്നും പി സി ചാക്കോ പറഞ്ഞു. എൻസിപിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. എംഎൽഎയ്ക്ക് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തും. മുഖം തിരിച്ച് നിൽക്കില്ല. പുതിയ ആളുകൾ വരുമ്പോൾ പഴയ ആളുകൾക്ക് ഉത്കണ്ഠ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം,കെ വി തോമസിനെതിരായ നടപടി നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയായ നടപടിയല്ല. വിഷയത്തിന്റെ ഗൗരവവും വ്യാപ്തിയും എഐസിസിയെ വ്യക്തമായി ധരിപ്പിച്ചിട്ടുണ്ട് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെ പി ജെ കുര്യനും കൈവിട്ടു. ഹൈക്കമാൻഡ് നിർദേശം ഉണ്ടെന്ന് അറിയാതെയാണ് കെ വി തോമസിനെ പിന്തുണച്ചതെന്ന് പി ജെ കുര്യൻ വിശദീകരിച്ചു. അച്ചടക്കത്തിന്റെ ലക്ഷമണരേഖ ആരും കടക്കാൻ പാടില്ല. ഹൈക്കമാൻഡ് വിലക്ക് ലംഘിച്ചത് ശരിയായില്ല. സോഷ്യൽ മീഡിയ ആക്രമണം ഏറ്റവും കൂടുതൽ നേരിട്ട ആളാണ് താൻ. സൈബർ ആക്രമണത്തിൽ നടപടി വേണമെന്നും കുര്യൻ ആവശ്യപ്പെട്ടു.

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് എഐസിസി. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മറുപടിക്ക് 48 മണിക്കൂര്‍ മതിയെന്നും കെ വി തോമസ് പ്രതികരിച്ചു.

You might also like

-