കോവിഡ് 19: ഐസലേഷനിലുള്ളവര്‍ വീട്ടില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമ
ജില്ലയില്‍ 1239 പേരാണ് ഐസലേഷനില്‍ കഴിയുന്നത്. വീടുകളില്‍ ഐസലേറ്റ് ചെയ്തിട്ടുള്ള 80 ശതമാനം ആള്‍ക്കാരും ആരോഗ്യകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍ 20 ശതമാനംപേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ കഴിയുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം
തദ്ദേശസ്ഥാപനങ്ങള്‍ നിരീക്ഷണം ശക്തമാക്കണം
പത്തനംതിട്ട : കോവിഡ് 19 വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയുടെ പ്രവര്‍ത്തനം മാതൃകാപരമെന്നും കനത്ത ജാഗ്രത തുടരണമെന്നും ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. കൊറോണ വൈറസ്ബാധ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലെ എം.പി, എംഎല്‍എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ എന്നിവര്‍ക്കായി പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ പ്രത്യേകയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റു അവശ്യസാധനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നവര്‍ വീടുകളില്‍ത്തന്നെ ഐസലേഷനില്‍ കഴിയുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉറപ്പുവരുത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. സമൂഹത്തിന്റെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ കരുതലുകളും പരിശീലനങ്ങളും നല്‍കണം.
പരിസരശുചിത്വം പഞ്ചായത്ത്തലത്തില്‍ ഉറപ്പുവരുത്തണം. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂരയാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം ജില്ലാഭരണകൂടം ഒരുക്കണം. പ്രത്യേക അനൗണ്‍സ്മെന്റുകള്‍ നടത്തി ബസ് സ്റ്റാന്റിന്റെ ഒരുവശത്ത് ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പരിശോധനകള്‍ നടത്തണം. വിദേശത്തു നിന്നെത്തുന്നവര്‍ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്നും ഉറപ്പാക്കണം. പ്രായമായവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ചെറിയ പനിയോ, ആരോഗ്യപ്രശ്നങ്ങളോ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ഇവരുടെ നിര്‍ദേശപ്രകാരം മാത്രമേ ആശുപത്രിയില്‍ സന്ദര്‍ശിക്കാവൂ. വിദേശരാജ്യങ്ങളില്‍ നിന്നും ആളുകള്‍ കൂടുതലെത്തുന്ന സാഹചര്യമായതിനാല്‍ അതീവ ജാഗ്രതയുണ്ടാകണം. ജില്ലയിലെ താലൂക്ക് ആശുപത്രികളിലും സാമ്പിളുകള്‍ എടുക്കാനുള്ള സംവിധാനം ഒരുക്കണം. അങ്കണവാടികളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ആഹാരം വീടുകളില്‍ എത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണം എത്തുന്നുണ്ടെന്ന് ജില്ലാഭരണകൂടം ഉറപ്പു വരുത്തണം
വീടുകളില്‍ ഐസലേഷനിലുള്ളവര്‍ വീട്ടില്‍തന്നെയുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയിലെ എം.പി, എംഎല്‍എമാര്‍ക്കും തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര്‍ക്കും മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേകയോഗത്തില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പി.ബി നൂഹ് പറഞ്ഞു.
ജില്ലയില്‍ 1239 പേരാണ് ഐസലേഷനില്‍ കഴിയുന്നത്. വീടുകളില്‍ ഐസലേറ്റ് ചെയ്തിട്ടുള്ള 80 ശതമാനം ആള്‍ക്കാരും ആരോഗ്യകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍ 20 ശതമാനംപേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ കഴിയുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ജില്ലയില്‍ ഇതുവരെ 45 പേരെയാണ് ആശുപത്രികളില്‍ ഐസലേറ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 14 പേരെ ഡിസ്ചാര്‍ജ് ചെയ്തു. എട്ടു പേരെ കൂടി ഡിസ്ചാര്‍ജ് ചെയ്യും. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ വീടുകളില്‍ നിര്‍ബന്ധമായും ഐസലേഷനില്‍ തുടരണം. നിലവില്‍ ആശുപത്രികളില്‍ 29 പേര്‍ നിരീക്ഷണത്തിലുണ്ട്. അതില്‍ ഏഴുപേര്‍ പോസിറ്റീവാണ്. ഇതുവരെ 80 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. അതില്‍ 33 സാമ്പിളുകള്‍ നെഗറ്റീവ് ആണ്.
ഫെബ്രുവരി 27ന് ശേഷം കോവിഡ് 19 വൈറസ്ബാധ രൂക്ഷമായ 10 രാജ്യങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയവര്‍ നിര്‍ബന്ധമായും 28 ദിവസവും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ 14 ദിവസവും വീടുകളില്‍ കഴിയണം. കൊറോണ രോഗം രൂക്ഷമായ ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, യു.എസ്.എ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് 28 ദിവസം നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരേണ്ടത്. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ വീടുകളില്‍ 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെയും അവരുമായി ബന്ധപ്പെട്ടുള്ള്വരുടേയുമാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്. മറ്റു ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വീടുകളില്‍ കഴിയേണ്ടതുണ്ട്. ജില്ലയില്‍ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്നും ഈ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.