പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു
ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങി അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.
പാലക്കാട് | പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രി 12:30-ഓടെ പാലക്കാട്ടെ KPM ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങി അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. തിരുവല്ല മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കും.
സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം. ലോക്കൽ പോലീസിനെപ്പോലും അറിയിക്കാതെ, കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ നടപടികളിലേക്ക് കടന്നത്. അറസ്റ്റ് വിവരം എംഎൽഎയുടെ അഭിഭാഷകരെ അറിയിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ ക്യാമ്പ് പരിസരത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.രാഹുലിനെതിരെയുള്ള ആദ്യ ലൈംഗികപീഡന കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ. ഇന്നലെ ഉച്ചമുതല്‍ തന്നെ പാലക്കാട് എംഎല്‍എ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. രാഹുല്‍ മുറിയില്‍ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഘം ഹോട്ടലിലേക്ക് എത്തിയത്.
പൂങ്കുഴലി ഐപിഎസിന്റെ കൃത്യമായ പ്ലാനിംഗും പഴുതടച്ച നീക്കങ്ങളുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മൂന്ന് ദിവസം മുൻപ് കാനഡയിലുള്ള തിരുവല്ല സ്വദേശിനി മുഖ്യമന്ത്രിക്ക് നേരിട്ട് ഇമെയിൽ വഴി പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരാതിയിലെ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം ഉടനടി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പരാതിക്കാരിയായ യുവതി നാളെ നാട്ടിലെത്താനിരിക്കെ, അതിനു മുൻപുതന്നെ രാഹുലിനെ വലയിലാക്കാനുള്ള നീക്കമാണ് പോലീസ് നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് സംഘം രാഹുലിനെ നിഴൽപോലെ പിന്തുടരുകയായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന അതേ ഹോട്ടലിൽത്തന്നെ പോലീസ് ഉദ്യോഗസ്ഥർ രഹസ്യമായി മുറിയെടുത്ത് അദ്ദേഹത്തിന്റെ ഓരോ യാത്രകളും നീക്കങ്ങളും നിരീക്ഷിച്ചുവരികയായിരുന്നു.