ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഷീല്‍ഡിന്റെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു
പൂനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കല്‍ കോളജിലാണ് മനുഷ്യരില്‍ വാക്സിന്‍ കുത്തിവച്ചത്. രണ്ട് പേര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കിയത്.സ്റ്റാറ്റിസ്റ്റിക്‌സില്‍ ഗവേഷണം നടത്തുന്ന 32കാരനും 48കാരിയായ ഗൈനക്കോളജിസ്റ്റുമാണ് ആദ്യം പരീക്ഷണങ്ങള്‍ക്ക് വിധേയരായത്. വാക്‌സിന്‍ നല്‍കിയ ശേഷം ഇരുവരേയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു
പൂനെ: ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ കൊറോണ വാക്‌സിനായ കൊവിഷീല്‍ഡിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പൂനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കല്‍ കോളജിലാണ് മനുഷ്യരില്‍ വാക്സിന്‍ കുത്തിവച്ചത്. രണ്ട് പേര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കിയത്.സ്റ്റാറ്റിസ്റ്റിക്‌സില്‍ ഗവേഷണം നടത്തുന്ന 32കാരനും 48കാരിയായ ഗൈനക്കോളജിസ്റ്റുമാണ് ആദ്യം പരീക്ഷണങ്ങള്‍ക്ക് വിധേയരായത്. വാക്‌സിന്‍ നല്‍കിയ ശേഷം ഇരുവരേയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അരമണിക്കൂര്‍ നിരീക്ഷിച്ചതിനു ശേഷം ഇരുവരെയും വീടുകളിലേക്ക് മടക്കി അയച്ചു. ഇവര്‍ക്ക് ബന്ധപ്പെടാനായി ഒരു എമര്‍ജന്‍സി നമ്പറും നല്‍കിയിട്ടുണ്ട്. ഏഴ് ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കുമെന്നും 0.5 മില്ലി വാക്‌സിനാണ് ഇരുവര്‍ക്കും നല്‍കിയതെന്നും ഡോ. സഞ്ജയ് ലല്‍വാനി അറിയിച്ചു.
100 പേരിലാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തുന്നത്. ഇവരില്‍ മുഴുവന്‍ പേര്‍ക്കും പാര്‍ശ്വഫലങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെങ്കില്‍ മാത്രമേ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുകയുള്ളൂ. അനുമതി ലഭിച്ചാല്‍ മൂന്നാം ഘട്ടത്തില്‍ 1,500 പേരിലാണ് വാക്‌സിന്റെ പരീക്ഷണം നടക്കുക. പൂനെയിലെ തന്നെ ബി ജെ മെഡിക്കല്‍ കോളേജ്, ഡല്‍ഹിയിലെ എയിംസ്, പാറ്റ്‌നയിലെ രാജേന്ദ്ര മെമ്മോറിയല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഗൊരഖ്പൂരിലെ നെഹ്‌റു ഹോസ്പിറ്റല്‍, വിശാഖപട്ടണത്തെ ആന്ധ്ര മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും വാക്‌സിന്റെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്.