സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു ,സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. അതേസമയം എന്‍.ഐ.വി. ആലപ്പുഴയില്‍ അയച്ച അഞ്ച് സാമ്പിളുകള്‍ കൂടി നെഗറ്റീവായി.
അതിനിടെ സിക വൈറസ് ബാധിത മേഖലകളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. ഗർഭണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ ഉടൻ തയ്യാറാക്കണമെന്നും കേന്ദ്ര സംഘം നിർദേശിച്ചു. സിക സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി എത്തിയ ആറംഗ കേന്ദ്ര സംഘം തലസ്ഥാനത്ത് തുടരുകയാണ്.