“ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന്‍ അനുവദിക്കില്ലാ… വാഴച്ചാല്‍ ഊര്കൂട്ടം ,വിധി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് വനം വകുപ്പ് മന്ത്രി
'ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന്‍ അനുവദിക്കില്ല . ..അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ കുടില്‍കെട്ടി സമരം നടത്തും":-
തൃശൂര്‍ | അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായി പ്രതിഷേധമറിയിച്ച് വാഴച്ചാല്‍ ഊര് മൂപ്പത്തി ഗീത. ‘ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന്‍ അനുവദിക്കില്ല . ..അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ കുടില്‍കെട്ടി സമരം നടത്തും”:- ഗീത പറഞ്ഞു . അതേസമയം കഴിഞ്ഞ ദിവസം സമരം ചെയ്തതിന്റെ പേരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ഭീഷണി നേരിടേണ്ടിവന്നു എന്ന് വന സംരക്ഷണ സേന ജീവനക്കാരി ഇന്ദിര പറഞ്ഞു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനം സര്‍ക്കാര്‍ കൈക്കൊളളില്ലെന്നാണ് പ്രതീക്ഷയെന്ന് കെ ബാബു എംഎല്‍എയും പ്രതികരിച്ചു. സര്‍ക്കാര്‍ മറ്റൊരു സ്ഥലം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഹൈക്കോടതി വിധി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. കൃത്യമായ വിധി പറയുന്നതിന് പകരം ഉത്തരവാദിത്തം സര്‍ക്കാരിന്റെ തലയിലേക്ക് ഇട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് ഹൈക്കോടതി മനസിലാക്കുമെന്നാണ് കരുതിയിരുന്നതെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ലെന്നും ആനയെ എങ്ങോട്ട് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നുമായിരുന്നു ഹൈക്കോടതി വിധി. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാല്‍ എതിര്‍ക്കില്ലെന്നും കോടതി പറഞ്ഞിരുന്നു. അരിക്കൊമ്പന്‍ വിഷയത്തില്‍ നെന്മാറ എംഎല്‍എ കെ ബാബുവിന്റെ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.