നിവാർ ചുഴലിക്കാറ്റ് കാരത്തോട്ടു തമിഴ് നാട്ടിൽ ശക്തമായ മഴ
വരുന്ന ആറു മണിക്കൂറിനുള്ളിൽ കാറ്റ് സാധാരണ നിലയിലേയ്ക്ക് മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു
ചെന്നൈ :നിവാർ ചുഴലിക്കാറ്റ് പൂർണമായും കരതൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് മണിയ്ക്കാണ് കാറ്റിന്‍റെ ആദ്യഭാഗം തീരത്ത് എത്തിയത്. രണ്ടരയോടെ മധ്യഭാഗം എത്തി. പുതുച്ചേരി, കടലൂർ തൂടങ്ങിയ മേഖലകളിൽ മഴയും കാറ്റും തുടരുന്നു. നിലവിൽ തീവ്ര രൂപത്തിലാണ് കാറ്റ്. കടലൂരില്‍ വ്യാപക നാശനഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേർ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു. അതേസമയം, തീവ്രത കുറഞ്ഞ് ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വരുന്ന ആറു മണിക്കൂറിനുള്ളിൽ കാറ്റ് സാധാരണ നിലയിലേയ്ക്ക് മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.ഒരു ലക്ഷത്തിലധികം ജനങ്ങളെയാണ് തമിഴ്‍നാട്ടില്‍ നിന്നും മാത്രമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ആയിരത്തിലധികം പേരെ പുതുച്ചേരിയില്‍ നിന്നും ഒഴിപ്പിച്ചു. 77 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.
തിരുവണ്ണാമലൈ, കൂടല്ലൂർ, കള്ളക്കുറിച്ചി, വില്ലുപുരം ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അരിയാലൂർ, ധർമപുരി, ദിണ്ടിഗൽ, കൃഷ്ണഗിരി, മൈലാടുതുറൈ, നാഗപട്ടിണം, പേരാമ്പല്ലൂർ, പുതുക്കോട്ടൈ, റാണിപ്പേട്ടൈ, സേലം, തഞ്ചാവൂർ, തിരുവാരൂർ, തിരുവള്ളൂർ, വെള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുപ്പറ്റൂർ, ട്രിച്ചി ജില്ലകളിലും കാരക്കൽ മേഖലയിലും മഴ ലഭിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴയെത്തുടർന്നു ചെന്നൈ വിമാനത്താവളം താത്കാലികമായി അടച്ചു. ചിദംബരം, കൂഡല്ലൂർ, കാരയ്ക്കൽ, നാഗപട്ടണം എന്നിവിടങ്ങളിലും രണ്ടുദിവസമായി കനത്തമഴയാണ്
തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ പേമാരിയും കനത്ത കാറ്റും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. ചെന്നൈയിലും കാഞ്ചീപുരത്തും കനത്ത മഴയാണുള്ളത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. തമിഴ്‍നാട്ടിലെ ഏഴു ജില്ലകളെ നിവാര്‍ കാര്യമായി ബാധിക്കും. പുതുച്ചേരിയേയും ആന്ധ്രയിലെ രണ്ടു ജില്ലകളെയും ബാധിക്കും.
ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് സംഘങ്ങള്‍ കടലൂരിലും രണ്ട് സംഘങ്ങള്‍ പുതുച്ചേരിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തമിഴ്‌നാട് റെയില്‍വെ പോലീസിന്റെ രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും തീരപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 12 സംഘങ്ങളെയും പുതുച്ചേരിയില്‍ രണ്ട് സംഘങ്ങളെയുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും രക്ഷാപ്രവര്‍ത്തനത്തിനായി ചെന്നൈയില്‍ വിന്യലിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകൾ, എയർ ആംബുലൻസ് എന്നിവയടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.