ഡൽഹിയിൽ തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോണിന്‍റെ പുതിയ വകഭേദം കണ്ടത്തി
ദില്ലിയിൽ ഒരാൾക്കാണ് തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദമായ ബി എ - 2.75 സ്ഥിരീകരിച്ചത്.
ദില്ലി| രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ജാഗ്രത വർധിപ്പിച്ചു. ദില്ലിയിൽ ഒരാൾക്കാണ് തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദമായ ബി എ – 2.75 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ദില്ലിയിൽ നിയന്ത്രണം ശക്തമാക്കുകയാണ്. ആദ്യ പടിയായി ദില്ലിയിൽ മാസ്ക് ധരിക്കുന്നത് വീണ്ടും കർശനമാക്കി. പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ദില്ലി സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു. അടച്ചിട്ട സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 18 ശതമാനമാണ് ദില്ലിയിൽ പോസിറ്റിവിറ്റി നിരക്ക്.
അതേസമയം രാജ്യവ്യാപകമായി കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 207.29 കോടി ഡോസ് വാക്സിൻ ( 93.69 കോടി രണ്ടാം ഡോസും, 11.49 കോടി മുൻകരുതൽ ഡോസും ) എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 25,75,389 ഡോസുകളാണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,25,076 പേരാണെന്നും ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.28% ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,431 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,35,55,041 ആയിട്ടുണ്ട്. രോഗമുക്തി നിരക്കാകട്ടെ 98.53% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 16,299 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.58% ആണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.85% ആണ്. ആകെ നടത്തിയത് 87.92 കോടി പരിശോധനകളാണെന്നും കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,56,153 പരിശോധനകളാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.