ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂ പടത്തിന് നേപ്പാൾ പാർലമെന്റിന്റെ അംഗീകാരം
ഇന്ത്യൻ പ്രദേശങ്ങളായ ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ മാപ്പാണ് നേപ്പാള്‍ ദേശീയ അസംബ്ലി എതിരില്ലാതെ പാസാക്കിയത്
ഡൽഹി : ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പ് നേപ്പാള്‍ പാര്‍ലമെന്‍റ് ഉപരിസഭ പാസാക്കി. നേപ്പാളിലെ ഭരണകക്ഷി ഈ മാസം ആദ്യവാരം പുതിയ മാപ്പിന് അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യൻ പ്രദേശങ്ങളായ ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ മാപ്പാണ് നേപ്പാള്‍ ദേശീയ അസംബ്ലി എതിരില്ലാതെ പാസാക്കിയത്. 1962ലെ ചൈനയുമായിട്ടുള്ള യുദ്ധത്തിന് ശേഷം ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായി മാറിയ മേഖലകളാണ് ഇവയെല്ലാം. മാപ്പ് പാസാക്കിയതിലൂടെ ഇനി മുതല്‍ പുതിയ മാപ്പ് ദേശീയ ചിഹ്നത്തില്‍ സ്ഥാനം പിടിക്കും. പുതുക്കിയ മാപ്പ് പാര്‍ലമെന്‍റ് സെക്രട്ടറിയേറ്റ് ഔദ്യോഗികമായി തന്നെ ലെറ്റര്‍പാഡുകളിലും പോസ്റ്ററുകളിലും ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് നേപ്പാളില്‍ നിന്നുള്ള പുതിയ പ്രകോപനം എന്നത് ഗൗരവതരമാണ്.
ഇന്ത്യൻ എതിർപ്പുകളെ അവഗണിച്ചുള്ള നേപ്പാളിന്‍റെ നടപടിക്കെതിരെ വിദേശകാര്യാ മന്ത്രാലയം രംഗത്തുവന്നു. നടപടി ന്യായീകരിക്കാനാവില്ലെന്നും അന്തരാഷ്ട്ര മാനദണ്ഡങ്ങൾ മറികടന്നു നേപ്പാൾ കെട്ടിച്ചമച്ച കൃത്രിമമായ ഭൂപട വിപുലീകരണമാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. പുതിയ നീക്കം ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധത്തെ ശക്തമായി തന്നെ ബാധിക്കുന്നതാണ്.