പുറംകടലിൽ തീപിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടർന്ന് നേവിയും കോസ്റ്റ്ഗാർഡും,നാലുപേർക്കായി തിരച്ചിൽ
കേരളതീരത്ത് ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കുണ്ട്. കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കള്‍ എന്തെന്ന് വെളിപ്പെടുത്തണമെന്ന് കപ്പല്‍ ഉടമകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദ്ദേശം നല്‍കി.
കോഴിക്കോട് | കേരളാ പുറംകടലിൽ തീപിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടർന്ന് നേവിയും കോസ്റ്റ്ഗാർഡും. കാണാതായ നാലുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മംഗളൂരുവിൽ ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ നില അതീവ ഗുരുതരമാണ്. ശ്വാസകോശത്തിന് ഉൾപ്പെടെ പൊള്ളലേറ്റെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെ നഗരത്തിലെ എ ജെ ഗ്രാൻഡ് ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിച്ച MV വാന്‍ഹായ് 503ൽ നിന്നുള്ള കണ്ടെയ്നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത.കപ്പലിൽ നിന്നും രക്ഷപ്പെടുത്തിയ 18 പേരെ മംഗലാപുരത്തെത്തിച്ചു. ഇതില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള ആറ് പേരെ എ ജെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസാരപരുക്കുകളായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി ഹോട്ടലിലേക്ക് മാറ്റി. ചൈനയില്‍ നിന്ന് എട്ട് പേര്‍, തായ്‌വാനില്‍ നിന്ന് നാല് പേര്‍, മ്യാൻമറിൽ നിന്ന് നാല് പേര്‍, ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള രണ്ട് പേരുമാണ് മംഗലാപുരത്തുള്ളത്
കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂര്‍ കപ്പലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യപ്റ്റന്‍ അരുണ്‍കുമാര്‍ പറഞ്ഞു. കപ്പലില്‍ നിന്ന് ഇരുപതോളം കണ്ടെയ്നറുകള്‍ കടലിലേക്ക് പതിച്ചെന്നാണ് റിപ്പോര്‍ട്ട്.
കേരളതീരത്ത് ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കുണ്ട്. കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കള്‍ എന്തെന്ന് വെളിപ്പെടുത്തണമെന്ന് കപ്പല്‍ ഉടമകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദ്ദേശം നല്‍കി. വസ്തുക്കളുടെ സ്വഭാവം എന്താണെന്ന് അറിയിക്കണം. അഗ്‌നി്നിശമന സംവിധാനങ്ങള്‍ എത്തിക്കണം. ഓരോ രണ്ടു മണിക്കൂറിലും സാഹചര്യം അറിയിക്കണം – എന്നൊക്കെയാണ് നിര്‍ദേശം.അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് കാണാതായ നാല് നാവികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ അപകടത്തിൽപ്പെട്ട കപ്പലിലെ തീ കെടുത്താനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. കപ്പൽ കത്തിയമരുകയാണ്. കപ്പലിനുള്ളിലെ കണ്ടെയ്നറുകളിൽ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടാക്കുന്ന വസ്തുക്കൾ ഉണ്ടെന്നത് തീകെടുത്താനുള്ള ശ്രമം ദുഷ്കരമാക്കുന്നുണ്ട്. ഇതിനിടെ കടലിൻ്റെ ആവാസവ്യവസ്ഥയെ ബാധിച്ചേക്കാവുന്ന പാരിസ്ഥിതിക ആഘാതം സൃഷ്ടിച്ചേക്കാവുന്ന അപകടരമായ വസ്തുക്കൾ ഉള്ള കണ്ടെയ്നറുകൾ കടലിൽ വീഴുന്നത് അപകടത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുമെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.