അഞ്ചാംദിനത്തെ ചോദ്യം ചെയ്യൽ 12 മണിക്കൂർനീണ്ടും രാഹുലിനെ വീണ്ടും ചോദ്യം ചെയ്യും

0

ഡല്‍ഹി| നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചാം ദിവസത്തെ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അര്‍ദ്ധരാത്രിയാണ് അവസാനിച്ചത്. തുടർച്ചയായി ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അര മണിക്കൂർ ഇടവേള ഇഡി രാഹുലിന് നൽകിയിരുന്നു. ശേഷം പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഇഡി ഓഫീസിലേക്ക് മടങ്ങി വന്നത്. ഇന്നലെ 12 മണിക്കൂറായിരുന്നു രാഹുലിനെ ചോദ്യം ചെയ്തത്. നാളെ ചോദ്യം ചെയ്യലുണ്ടായേക്കില്ല.അഞ്ചു ദിവസത്തിനിടെ ചോദ്യം ചെയ്യൽ 50 മണിക്കൂർ പിന്നിട്ടു. രാഹുലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി കഴിഞ്ഞാൽ, തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഊഴമാണ്. കോവിഡാനന്തര അസുഖങ്ങളുടെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വിശ്രമത്തിലാണ് സോണിയ. വ്യാഴാഴ്ച ഹാജരാകാനാണ് സോണിയക്ക് നേരത്തേ ഇ.ഡി നൽകിയ സമൻസ്.

രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യംചെയ്യാൻ വിളിപ്പിച്ചതോടെ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പിസിസി അധ്യക്ഷന്മാരും പാർലമെന്‍ററി പാർട്ടി നേതാക്കളും ഇന്നലെ മടങ്ങിയെങ്കിലും എംപിമാർ ഡൽഹിയിൽ തുടരണമെന്നും വേണ്ടിവന്നാൽ എംപിമാരുടെ ഔദ്യോഗിക വസതികൾ കേന്ദ്രീകരിച്ചു സമരം ആരംഭിക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കോൺഗ്രസ് എംപിമാർക്കെതിരെ നടത്തിയ മർദന മുറകൾ ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. രാഷ്ട്രപതിയെ സന്ദർശിച്ച കോൺഗ്രസ് സംഘം പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ 2010ലാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ കമ്പനി ഏറ്റെടുക്കുന്നത്. 2000 കോടിയിലധികം രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ ഏറ്റെടുക്കാന്‍ യങ് ഇന്ത്യ ചെലവാക്കിയത് 50 ലക്ഷം രൂപ മാത്രമാണെന്നാണ് പരാതിയുടെ അടിസ്ഥാനം. എ.ജെ.എൽ യങ് ഇന്ത്യ ഏറ്റെടുത്തതിൽ അഴിമതിയും ക്രമക്കേടുമുണ്ടെന്നാരോപിച്ച് 2012ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഡല്‍ഹി കോടതിയില്‍ പരാതി നൽകിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധി, മോത്തിലാൽ വോറ, സാം പിത്രോദ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ എന്നിവർക്കെതിരെയാണ് കേസ് . വിശ്വാസ ലംഘനം, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കേസില്‍ സോണിയയും രാഹുലും ഉള്‍പ്പെടെ 2015ല്‍ ജാമ്യം നേടിയിരുന്നു.

സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ പട്യാല ഹൗസ് കോടതിയില്‍ നിയമ നടപടി ആരംഭിച്ചപ്പോഴാണ് കേസിലെ കള്ളപ്പണം, നികുതി വെട്ടിപ്പ് തുടങ്ങിയ സാധ്യതകളിന്മേല്‍ ഇ.ഡിയും ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിക്കുന്നത്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്‍റെ ഓഹരികള്‍ ഏറ്റെടുത്തതിലൂടെ യങ് ഇന്ത്യ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിച്ച പ്രധാന കാര്യം. യങ് ഇന്ത്യ വഴി ഗാന്ധി കുടുംബം വ്യക്തിപരമായി സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കുന്നു. വർഷങ്ങളായി നടക്കുന്ന അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും രാഷ്ട്രീയ പകപോക്കലാണെന്നുമാണ് കോണ്‍ഗ്രസ് ആരോപണം.

You might also like

-