സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

ചെന്നെെ| സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. .ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.

തെന്നിന്ത്യൻ സംഗീത സംവിധായകനായ എസ്.പി.വെങ്കിടേഷ് 1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ചു. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു. പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ച ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു. ആദ്യകാലങ്ങളിൽ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ്.പി.വിയും ഉണ്ടായിരുന്നു. ഓർക്കസ്ട്രയിലുള്ള അപാരമായ മികവ് അങ്ങനെ നേടിയതാണ്.

1971-ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1975-ൽ കന്നട സിനിമയിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ച എസ്.പി.വി 1981-ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983-ലാണ് മലയാള സംഗീതത്തിൽ സജീവമാകുന്നത്. അതിനു മുൻപേ തന്നെ മലയാളവുമായി എസ്.പി.വിക്ക് അടുപ്പമുണ്ടായിരുന്നു.

കണ്ണൂർ രാജൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, എം.കെ.അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്ന അദ്ദേഹം മാൻഡലിൻ വായിച്ചും അസിസ്റ്റൻറ് മ്യൂസിക് ഡയറക്ടറായും ഓർക്കസ്ട്രകനായും ഇവർക്കൊപ്പം ഏറെ നാൾ പ്രവർത്തിച്ചു.1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിൽ എ.ടി.ഉമ്മറിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിച്ച് എസ്.പി.വി ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.

1986-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിൻ്റെ മകൻ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടാണ് മലയാള സിനിമയിൽ എസ്.പി.വിയുടെ തുടക്കം. സിനിമ പോലെ തന്നെ അതിലെ സംഗീതവും വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിയതോടെ പിന്നീട് എസ്.പി.വിയുടെ ഗാനങ്ങൾ മലയാളത്തിൽ ഒരു തരംഗമായി മാറുകയായിരുന്നു.

ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം എന്നിങ്ങനെ നിരവധി സിനിമകളിൽ എസ്.പി.വി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി. അപ്പു, മഹായാനം, ദേവാസുരം തുടങ്ങിയ ചിത്രങ്ങൾക്ക് നൽകിയ പശ്ചാത്തല സംഗീതം മലയാളത്തിൽ എസ്.പി.വിക്ക് പ്രശസ്തി നൽകി.

1985-2000 കാലയളവിൽ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എസ്.പി.വി മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചു. എസ്.പി.വി ഈണമിട്ട മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറെ ഗാനങ്ങളും ആലപിച്ചത് കെ.എസ്. ചിത്രയാണ്. മലയാളത്തിൽ ഇതുവരെ 150 ചിത്രങ്ങൾക്ക് ഈണം പകർന്ന എസ്.പി.വി മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഒരു കാലഘട്ടത്തിൽ സജീവ സാന്നിധ്യമായിരുന്നു.

You might also like

-