നഗരസഭാ കത്ത് വിവാദം ഡി.ആര്‍. അനിലിനെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനം

രാജിവെക്കുമെന്ന് അറിയിച്ചതോടെ കോര്‍പ്പറേഷനില്‍ നടന്നുവരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാർട്ടികളും തീരുമാനിച്ചു.ഡി ആര്‍ അനില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന ഫോര്‍മുല പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു

0

തിരുവനന്തപുരം | നഗരസഭാ കത്ത് വിവാദത്തില്‍ ഡി.ആര്‍. അനിലിനെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനം. സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെ തദ്ദേശമന്ത്രി എം.ബി. രാജേഷ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജിവെക്കുമെന്ന് അറിയിച്ചതോടെ കോര്‍പ്പറേഷനില്‍ നടന്നുവരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാർട്ടികളും തീരുമാനിച്ചു.ഡി ആര്‍ അനില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന ഫോര്‍മുല പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു.താന്‍ കത്തെഴുതിയെന്ന് ഡി ആര്‍ അനില്‍ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത്. മറ്റ് ഭരണപരമായ പ്രശ്‌നങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പരിഹരിക്കാനും പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയതായി ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു

നേരത്തെ, അനിലിന്റെ രാജിക്കായി സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. തുടർന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിലാണ് രാജിസംബന്ധിച്ച് തീരുമാനമുണ്ടായത്. കത്ത് വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അനിലിനെ രാജിവെപ്പിക്കാനുള്ള തീരുമാനം. ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം. അനിലിനെ സ്ഥാനത്തുനിന്ന് നീക്കാനുള്ള അനുമതി തേടിയത്.

ഡി.ആര്‍. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെയാണ് രാജി തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുന്നത്. കത്ത് വിവാദത്തില്‍ ഡി.ആര്‍. അനിലിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ പാലോട് രവി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുത്തു. മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി സംബന്ധിച്ച തീരുമാനം ഹൈക്കോടതിക്ക് വിടാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രതിപക്ഷം അംഗീകരിച്ചു. ഡാറ്റ എന്‍ട്രി ഓപ്പറേറ്റമാരായി നിയമിക്കുന്ന ദിവസവേതനക്കാര്‍ക്ക് പാസ്‌വേഡ് നല്‍കുന്നത് അവസാനിപ്പിക്കാമെന്ന് യോഗത്തില്‍ മന്ത്രി പ്രതിപക്ഷത്തിന് ഉറപ്പുനല്‍കി.

You might also like

-