മുംബൈ ജയിലിൽ കോവിഡ് മഹാരാഷ്ട്രയിൽ മരണസംഖ്യ 831
മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥികരിച്ച മുംബൈയിൽ പുതുതായി 875 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു
മുംബൈ :മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം വൻതോതിൽ വർധിക്കുകയാണ്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 22,171 ആയി. മരണസംഖ്യ 831 ആയി ഉയർന്നു. തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ആയിരം കടന്നു . പുതുതായി 1,278 പേർക്ക് രോഗം സ്ഥിരീകരിച്ചു. 53 പേർ മരിച്ചു. മുംബൈയിൽ രോഗികളുടെ എണ്ണം 13,000 കടന്നു. ആർതർ റോഡ് സെൻട്രൽ ജയിലിലെ തടവുകാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥികരിച്ച മുംബൈയിൽ പുതുതായി 875 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 13,564 മരണസംഖ്യ 508 ആയും ഉയർന്നു. ആർതർ റോഡ് സെൻട്രൽ ജയിലിലെ 81 തടവുകാർക്കും, ബൈക്കുള ജയിലിലെ 1 വനിതാ തടവുകാരിക്കും രോഗം സ്ഥിരീകരിച്ചു. ജയിൽ ജീവനക്കാരടക്കം 184 പേരാണ് മുംബൈ സെൻട്രൽ ജയിലിൽ കൊവിഡ് ബാധിതരായി ഉള്ളത്. ഒരു വയസ് പ്രായമായ കുഞ്ഞ് ഉൾപ്പെടെ മൂന്നുപേർ കൂടി മരിച്ചത്തോടെ പൂനെയിലെ മരണസംഖ്യ 151 ആയി.
പൂനെയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇന്ന് മുതൽ മെയ് 17 വരെ മുഴുവൻ കടകൾ അടച്ചിടാൻ മുൻസിപ്പൽ കമ്മീഷണർ കർശന നിർദ്ദേശം നൽകി. ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ എന്നിവ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. നിലവിൽ പൂനെയിൽ 69 കണ്ടെയ്ൻമെന്റ് സോണുകളാണ് ഉള്ളത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിലെ സ്ഥിതി ആശങ്കാജനകമാണ്. 859 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 29 പേർ മരിച്ചു.അതേസമയം, വന്ദേ ഭാരത് മിഷൻന്റെ ഭാഗമായി ലണ്ടൻ, സിംഗപ്പൂർ, എന്നിവടങ്ങളിൽ നിന്നുള്ള പ്രവാസികൾ മുംബൈയിൽ മടങ്ങിയെത്തി. 14 ദിവസത്തെ നിരീക്ഷണത്തിനായി ഇവരെ ബിഎംസി തയാറാക്കിയ പ്രത്യേക ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.