മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി
ഡൽഹി :മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. കേരളവും തമിഴ്‌നാടും ഇക്കാര്യത്തില്‍ സഹകരിച്ച പോകണം. മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരുസംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചത്. കേരളത്തിലെ പ്രളയത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചു ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിനോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിക്കാത്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായതെന്ന് കേരളം അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് 13 ഷട്ടറുകളും ഒരുമിച്ചു തുറക്കേണ്ടി വന്നതും മഹാ പ്രളയത്തിന് കാരണമായി. ഇനി ഇതാവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര ഘട്ടങ്ങളില്‍ ജലനിരപ്പ് കുറയ്ക്കാന്‍ സൂപ്പര്‍വൈസറി, മാനേജ്‌മെന്റ് കമ്മിറ്റികള്‍ വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോടതിയെ അറിയിച്ചു. ജലനിരപ്പ് 139 അടിയായി നിലനിര്‍ത്താന്‍ സുപ്രിം കോടതി നിയമിച്ച കേന്ദ്രസമിതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.