“നടപടിയെടുക്കാതെ പരാതി പിൻവലിക്കല്ല” എം.എസ്.എഫ്. ഹരിത നേതാക്കളുമായി മുസ്ലിം ലീഗ് നടത്തിയ ചർച്ച പരാജയം
എം.എസ്.എഫിൻറെ വിദ്യാർഥിനി വിഭാഗമായ ഹരിതയിലെ നേതാക്കൾ പി.കെ നവാസിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയ സംഭവത്തിൽ വിളിച്ച് കൂട്ടിയ ഒത്തുതീർപ്പ് ചർച്ചയാണ് പരാജയപ്പെട്ടത്
പാണക്കാട് :എം.എസ്.എഫ്. ഹരിത നേതാക്കളുമായി മുസ്ലിം ലീഗ് നടത്തിയ ചർച്ച പരാജയം. നേതൃത്വത്തിന്റെ നിർദേശ പ്രകാരം മുനവറലി ശിഹാബ് തങ്ങളാണ് ചർച്ച നടത്തിയത്. വനിതാ കമ്മീഷൻ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം. എന്നാൽ നടപടിയെടുക്കാതെ പരാതി പിൻവലിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ഹരിത ഭാരവാഹികൾ. വനിതാ നേതാക്കളുടെ അഭിപ്രായങ്ങൾ നേതൃത്വത്തെ മുനവറലി ശിഹാബ് തങ്ങൾ അറിയിക്കും. പാണക്കാടുള്ള വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ചാണ് ഹരിത ഭാരവാഹികളുമായി ചർച്ച നടത്തിയത്.
എം.എസ്.എഫിൻറെ വിദ്യാർഥിനി വിഭാഗമായ ഹരിതയിലെ നേതാക്കൾ പി.കെ നവാസിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയ സംഭവത്തിൽ വിളിച്ച് കൂട്ടിയ ഒത്തുതീർപ്പ് ചർച്ചയാണ് പരാജയപ്പെട്ടത്. പരാതി പിൻവലിക്കണമെന്നാവശ്യവുമായി ചില എം.എസ്.എഫ് ഭാരവാഹികൾ വഴി ലീഗ് നേതൃത്വം ഹരിത സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നി, ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരെ സമീപിച്ചിരുന്നു. പരാതി പിൻവലിക്കുകയാണങ്കിൽ നവാസിനെതിരെ നടപടിയെടുക്കാമെന്നാണ് അവരെ അറിയിച്ചത്.എന്നാൽ ആദ്യം നടപടി പിന്നീട് പരാതി പിൻവലിക്കൽ എന്ന നിലപാടിലാണ് ഹരിത നേതൃത്വം. ഇതോടെ വനിതാ കമ്മീഷനെ സമീപിച്ചവർക്കെതിരെ നടപടിയെടുപ്പിക്കാനുള്ള ശ്രമങ്ങൾ മറുവിഭാഗം നടത്തുന്നുണ്ട്. അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന അഭിപ്രായമുള്ളവരും ലീഗ് നേതൃത്വത്തിലുണ്ട്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുൽ വഹാബും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചത്