സാമൂഹ്യ മാധ്യമങ്ങളുടെ ചികിത്സ തട്ടിപ്പ് നടത്തിയ അമ്മയും മകളും പിടിയിൽ
ഗുരുതര രോഗം ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത പെൺകുട്ടിയുടെ ചികിത്സയ്ക്കെന്ന വ്യാജേന ക്രിസ്തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരിലാണ് ഇവർ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചത്.
പാലാ:ആത്മീയതയുടെ മറവിൽ ചികിൽസാതട്ടിപ്പ് നടത്തിയ അമ്മയും മകളും പിടിയിൽ. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഇരുവരുടെയും തട്ടിപ്പ്. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യൻ (59), അനിത (29) എന്നിവരാണ് അറസ്റ്റിലായത്.ഗുരുതര രോഗം ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത പെൺകുട്ടിയുടെ ചികിത്സയ്ക്കെന്ന വ്യാജേന ക്രിസ്തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരിലാണ് ഇവർ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചത്. യഥാർഥത്തിൽ കുട്ടിക്കുള്ള ചികിത്സാ സഹായം ആവശ്യപ്പെട്ടു സമൂഹമാധ്യമത്തിൽ തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങളിലേക്കു ഇവരുടെ അക്കൗണ്ട് നമ്പർ മാറ്റി ചേർത്താണ് സഹായം ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ഒട്ടേറെ പേരിൽ നിന്നായി പണം ഇവരുടെ അക്കൗണ്ടിൽ എത്തിയിരുന്നു.
വ്യാജ സന്ദേശം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു അമൃത ആശുപത്രിയിലെ ഡോക്ടറാണ് ഇക്കാര്യം സമൂഹമാധ്യമത്തിന്റെ അഡ്മിനെ അറിയിച്ചത്. തുടർന്നു പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. അസി.കമ്മി ഷണർ കെ.ലാൽജിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വിപിൻ കുമാർ, എസ്ഐ സന്തോഷ് മോൻ, എഎസ്ഐ വി.എ.ഷുക്കൂർ, സിഗോഷ് പോൾ എൽവി, ഷീബ, പ്രശാന്ത് ബാബു, പ്രിയ ജിനി, ജാൻസി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
3 വർഷം മുൻപ് പാലായിലെ സഹകരണ ബാങ്കിൽ നിന്നു പണം തട്ടിയ കേസിലെ പ്രതിയാണ് മറിയാമ്മ സെബാസ്റ്റ്യൻ. പാലായിലെ സഹകരണ ബാങ്കിലെ കാഷ്യറായിരുന്നു മറിയാമ്മ. ഇവർ ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്ന് പല തവണയായി 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. പാലായിലെ ഒരു ബാങ്കിന്റെ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ചതിനു ഇവരുടെ മകൻ അരുൺ പിടിയിലായിരുന്നു. മകനെ കള്ളനോട്ടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചതോടെ മറിയാമ്മ ബാങ്കിൽ എത്തിയില്ല. ഇതേത്തടുർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ പണം കുറവുള്ളതായും കണ്ടെത്തിയിരുന്നു.