ചോക്‌സി ഉള്‍പ്പെടെ 50 പേരുടെ 68,607 കോടിയുടെ വായ്പ എഴുതിത്തള്ളി കേന്ദ്രം;പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് സ്ഥാന ചലനം
ചോക്‌സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപ കുടിശ്ശികയുണ്ട്. മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ് എന്നിവയും 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു
മുംബൈ: മെഹുല്‍ ചോക്‌സിയുള്‍പ്പെടെയുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി ബാങ്കുകള്‍.സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവര്‍ത്തകന്റെ അപേക്ഷയില്‍ റിസര്‍വ് ബാങ്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫെബ്രുവരി 16ന് നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ചോക്‌സി ഉള്‍പ്പെടെയുള്ള 50 പേരുടെ പേരിലുള്ള വായ്പകളുടെ നിജസ്ഥിതിയെന്താണെന്നാണ് താന്‍ അന്വേഷിച്ചതെന്നും ആര്‍ബിഐയുടെ മറുപടിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നും സാകേത് ഗോഖലെ പറയുന്നു.
ചോക്‌സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപ കുടിശ്ശികയുണ്ട്. മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ് എന്നിവയും 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു. എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലുള്ള സന്ദീപ് ജുജുന്‍വാലയുടെ സ്ഥാപനമായ ആര്‍.ഇ.ഐ അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനമാണ് രണ്ടാമത്തെ വലിയ വായ്പാ കുടിശ്ശികക്കാരന്‍. 4,314 കോടിയാണ് വായ്പാ കുടിശ്ശിക. രാജ്യം വിട്ട മറ്റൊരു രത്‌നവ്യാപാരിയായ ജെയതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സിന് 4,076 കോടിയാണ് വായ്പാ കുടിശ്ശിക. റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, കുഡോസ് കെമി, ബാബാ രാംദേവ് ആന്‍ഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ രുചി സോയ ഇന്‍ഡസ്ട്രീസ്, സൂം ഡെവലപ്പേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ 2000 കോടിക്ക് മുകളില്‍ വായപാ കുടിശ്ശികയുള്ളവരാണ്.1000 കോടിക്ക് മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയതില്‍ 18 കമ്പനികളാണുള്ളത്. ഇതില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈനുമുണ്ട്. 1000 കോടിക്ക് താഴെ കുടിശ്ശിക വരുത്തിയ 25 സ്ഥാപനങ്ങളുമുണ്ട്
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തരെ പ്രധാന തസ്തികകളിൽ നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാരിൽ ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ സെക്രട്ടറിയായ തരുൺ ബജാജിനെ സാമ്പത്തികകാര്യ വകുപ്പിൽ സെക്രട്ടറിയായി നിയമിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ സെക്രട്ടറിയായ അരവിന്ദ് കുമാർ ശർമ്മയെ ചെറുകിട ഇടത്തരം വ്യാവസായ വകുപ്പുസെക്രട്ടറിയായി നിയമിച്ചു. കോവിഡ് സാമ്പത്തികപാക്കേജിന്റെ ചുമതല വഹിക്കുന്ന പ്രധാനപ്പെട്ട തസ്തികകളിലേക്കാണ് ഇവരെ മാറ്റിനിയമിച്ചിരിക്കുന്നത്. ശർമ്മ 2014 മുതലും ബജാജ് 2015 മുതലും പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
ഇവര്‍ക്ക് പകരമുള്ള നിയമനം പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ആരോഗ്യ സെക്രട്ടറിയായി തുടരുന്ന പ്രിതി സുദന് മൂന്ന് മാസം കൂടി കാലാവധി നീട്ടിനൽകുകയും ചെയ്തിട്ടുണ്ട്. പ്രിതി സുദൻ വിരമിക്കുന്ന മുറയ്ക്ക് രാജേഷ് ഭൂഷണാകും ആരോഗ്യവകുപ്പ് സെക്രട്ടറി. ഡൽഹി വികസന അതോറിറ്റി ഉപാധ്യക്ഷൻ തരുൺ കപൂറിനെ പെട്രോളിയം വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. 1985 ഝാർഖണ്ഡ് കേഡർ ഉദ്യോഗസ്ഥനായ അമിത് ഖരെയെ വാർത്താ വിതരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അപൂർവ ചന്ദ്രയാണ് പുതിയ പ്രതിരോധ സെക്രട്ടറി. സാംസ്കാരിക വകുപ്പ് സെക്രട്ടറിയായി ആനന്ദ് കുമാറിനെ നിയമിച്ചു. പരിസ്ഥിതി, വനം വകുപ്പ് സെക്രട്ടറിയായി രാമേശ്വർ പ്രസാദ് ഗുപ്തയെയും നിയമിച്ചു.