മിസ്ഡ് കോൾപ്രണയം    ആദിവാസി പെണ്‍കുട്ടികളേ ഊട്ടിയില്‍കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു തരാമെന്ന വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്

0

മാനന്തവാടി: ആദിവാസി വിദ്യാര്‍ഥിനികളെ ഊട്ടിയില്‍കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടവരാണ് ഇവരെ ഊട്ടിയിലെത്തിച്ച് പീഡിപ്പിച്ചത്.വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു തരാമെന്ന വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്. മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്റ്റേറ്റിലെ താമസക്കാരായ 17 കാരിയും, പതിനാല്കാരിയുമായ രണ്ട് വിദ്യാര്‍ഥിനികളെയാണ് ഊട്ടിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായും, ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് പരാതി. കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പീഡനം, പീഡനശ്രമം, പോക്സോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിയമം തുടങ്ങിയ വകുപ്പുകളില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് ജില്ലയിലെ രണ്ട് യുവാക്കളാണ് പ്രതികളെന്നാണ് സൂചന. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിക്കാണ് അന്വേഷണ ചുമതല. ഇക്കഴിഞ്ഞ ജൂണ്‍ 24ന് വന്ന മിസ്ഡ്‌കോളിലൂടെയാണ് പതിനേഴ്കാരിയായ വിദ്യാാര്‍ഥിനിയെ പ്രതികളിലെരാള്‍ പരിചയപെടുന്നത്. പിന്നീട് കൂട്ടുകാരിയായ 14കാരിയെയും പരിചയപ്പെട്ടു.തുടര്‍ന്ന് നിരന്തര ഫോണ്‍ വിളികളായി.ഒടുവില്‍ ജൂലൈ 16നാണ് കുട്ടികള്‍ താമസിച്ചു വന്നിരുന്ന എസ്റ്റേറ്റിലെത്തിയ രണ്ട് യുവാക്കള്‍ ഇരുവരേയും കാറില്‍ കയറ്റി ഊട്ടിയിലേക്ക് കൊണ്ട് പോയത്. തുടര്‍ന്ന് ഊട്ടിയിലെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം 17കാരിയെ പീഡിപ്പിച്ചതായും, 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും മൊഴിയില്‍ പറയുന്നു.തുടര്‍ന്ന് പിറ്റേദിവസം ഇരുവരേയും ബത്തേരിയില്‍ തിരികെ കൊണ്ടുവിട്ട ശേഷം യുവാക്കള്‍ കാറില്‍ കടന്നുകളഞ്ഞതായും പരാതിയില്‍പ്പറയുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കോളുകളും മറ്റും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ വിദ്യാര്‍ഥികളോട് വ്യാജപേരുകളാണ് പറഞ്ഞിരുന്നത്. ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ മേല്‍വിലാസം പൊലീസ് ഇതിനകം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ പ്രതികളെ ഇന്നോ നാളെയോ കസ്റ്റഡിയിലാക്കാന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.മാനന്തവാടി എസ്എംഎസ് ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

You might also like

-