ഗാർഹിക സിലിണ്ടറിൽ ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആർ അനിൽ

ഗാർഹികേതര സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു

തിരുവനന്തപുരം| കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണം വന്നപ്പോൾ കേരളത്തിൽ പാചകവാതക വിതരണത്തിൽ ബുദ്ധിമുട്ടുകൾ വന്നതായും മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചു ചേർത്തുവെന്നും മന്ത്രി ജി ആർ അനിൽ. ഗാർഹിക സിലിണ്ടറിൽ ആശങ്ക വേണ്ടെന്നാണ് പൊതുമേഖല എണ്ണ കമ്പനികൾ പറയുന്നത്. ഇന്നുമുതൽ ബുക്കിങ്ങിനെ സംബന്ധിച്ച് ആശങ്കയുണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഗാർഹികേതര സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതിനായി മുൻഗണന പട്ടികകൾ തയ്യാറാക്കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ശക്തമായ നടപടി ഉണ്ടാകും. മണ്ണെണ്ണയുടെ വിഹിതം കൂട്ടുമെന്നും ഉടൻ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

സാങ്കേതികപ്രശ്‌നം മൂലമാണ് ബുക്കിങ് തടസപ്പെടുന്നത്. ബുക്കിങ് കൂടിയതോടെ സെർവർ കപ്പാസിറ്റി വർധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി.ഗാർഹികേതര വിഭാഗങ്ങൾക്കുള്ള അലോട്ട്‌മെന്റ വർദ്ധിപ്പിക്കും. നിലവിലെ 20 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു ആശങ്കയും വേണ്ടതില്ലെന്നാണ് കമ്പനികൾ ഇന്നലെ യോഗത്തിൽ അറിയിച്ചത്. ബുക്കിങ്ങിൽ വല്ലാത്ത തിരക്കുണ്ടായതിന് പിന്നാലെയാണ് ബുക്കിങ് ചെയ്യുന്നതിന് തടസങ്ങൾ നേരിട്ടത്. സെർവർ കപ്പാസിറ്റി വർധിപ്പിച്ച് ബുക്കിങ് പ്രതിസന്ധി പൂർണമായി പരിഹരിക്കുമെന്നാണ് കമ്പനികൾ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ റേഷൻ കാർഡുകൾക്കും മണ്ണെണ്ണ നൽകുന്ന കാര്യം പരിശോധിക്കും. മണ്ണെണ്ണ ലഭ്യത വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. മണ്ണെണ്ണ കൂടുതൽ ആളുകൾക്ക് ലഭ്യമാക്കിക്കൊണ്ട് ഇത്തരം പ്രതിസന്ധികളെ ഒരു പരിധിവരെ തടയാൻ കഴിയുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും തടയാൻ നടപടിയുണ്ടാകുമെന്നും ഇന്നലെ 76 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയെന്നും മന്ത്രി വ്യക്തമാക്കി

അതേസമയം, പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എൽപിജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ കൂടി ഉപയോഗിക്കാൻ ഹോട്ടൽ റെസ്റ്റോറൻറ് മേഖലയ്ക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതോടെ ബദൽ സംവിധാനങ്ങൾക്കും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് നാൽപതിനായിരം ലിറ്റർ അധിക മണ്ണെണ്ണ നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൽക്കരി ലഭ്യത കൂടുതലാക്കാനും നടപടികൾ തുടങ്ങിയെന്ന് മന്ത്രാലയം അറിയിച്ചു.

 

You might also like

-