പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ട പതിനേഴുകാരനെ ആശ്വസിപ്പിക്കാനാകാതെ മന്ത്രി എ കെ ശശീന്ദ്രന്‍ ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞു

ഇത് കണ്ടിട്ട് എന്താണ് പറയുക? വല്ലാത്തൊരു അനുഭവമായിപ്പോയി. ഇങ്ങനെയൊരു കാഴ്ചക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചതല്ല. ഇവരോട് ഞാൻ എന്ത് ഉത്തരമാണ് പറയുക? അവരുടെ ചോദ്യത്തിന് ഉത്തരമില്ല. അവരുടെ രക്ഷക്കായി ശ്രമിക്കുക എന്നത് മാത്രമേയുള്ളൂ

0

കൽപ്പറ്റ |മുണ്ടക്കൈ ദുരന്തമേഖലയിൽ ജനകീയ തിരച്ചിലിന്റെ ഭാഗമാകാന്‍ എത്തിയ മന്ത്രി എ കെ ശശീന്ദ്രന്‍ ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞു. ഉരുള്‍പൊട്ടലില്‍ പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ട പതിനേഴുകാരന്‍ മുഹമ്മദ് ഇസഹാഖിന്റ വേദനയ്ക്ക് മുന്നിലാണ് മന്ത്രിയുടെ നിയന്ത്രണം നഷ്ടപെട്ട പൊട്ടിക്കരഞ്ഞത് .
”ഇത് കണ്ടിട്ട് എന്താണ് പറയുക? വല്ലാത്തൊരു അനുഭവമായിപ്പോയി. ഇങ്ങനെയൊരു കാഴ്ചക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചതല്ല. ഇവരോട് ഞാൻ എന്ത് ഉത്തരമാണ് പറയുക? അവരുടെ ചോദ്യത്തിന് ഉത്തരമില്ല. അവരുടെ രക്ഷക്കായി ശ്രമിക്കുക എന്നത് മാത്രമേയുള്ളൂ. നമക്കൊക്കെ ഇത്രയും പ്രയാസമുണ്ടെങ്കിൽ അവർക്കൊക്കെ എത്ര പ്രയാസമുണ്ടാകും? എനിക്കെല്ലാവരോടും പറയാനുള്ളത് അവർക്ക് വേണ്ടി പ്രാർത്ഥിക്കുക, അവർക്ക് വേണ്ടി പ്രവർത്തിക്കുക സഹായിക്കുക. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് ഇത്രയേ ആയുസ്സുള്ളൂ എന്ന് നമുക്കൊക്കെ മനസ്സിലായല്ലോ.’ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇതുപോലെ എന്ത് ദുരന്തമാണ് ഉണ്ടാകാൻ പോവുകയെന്ന് ആർക്കാണ് പറയാൻ കഴിയുക:- മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

മുണ്ടക്കൈ മേഖലയിലെ ജനകീയ തിരച്ചിലിന്റെ ഭാഗമാകാന്‍ എത്തിയതായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്‍.മുണ്ടക്കൈ പള്ളിക്ക് സമീപം ഉരുള്‍ നാമവശേഷമാക്കിയ വീട്ടിലേക്ക് എത്തിയ മന്ത്രിയോട് പതിനേഴുകാരന്‍ മുഹമ്മദ് ഇസഹാഖ് തന്റെ വേദന പറഞ്ഞു. ഇവിടെയായിരുന്നു തന്റെ വീടെന്നും പിതാവിനെയും സഹോദരനെയും കിട്ടിയിട്ടില്ലെന്നും കുട്ടി മന്ത്രിയോട് പറഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനാകാതെ മന്ത്രി വിതുമ്പി. പുഞ്ചിരിമട്ടത്ത് താമസിച്ചിരുന്ന മാതാവിന്റെ സഹോദരിയുടെ കുടുംബവും ആ ദുരന്ത രാത്രി ഈ വീട്ടിലുണ്ടായിരുന്നുവെന്ന് ഇസഹാഖ് പറഞ്ഞു.ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ ഇസഹാഖിന്റെ മാതാവ് ശസ്ത്രക്രിയയ്ക്ക് ശേഷം നരിക്കുനിലെ ബന്ധുവീട്ടിലാണ്. ബന്ധുവായ അയ്യൂബിനൊപ്പം നരിക്കുനിയില്‍ നിന്നാണ് ഇസഹാഖ് മുണ്ടെൈക്കയിലേക്ക് എത്തിയത്

പലർക്കും ദുരന്തഭൂമിയിലേക്ക് വരാൻ മാനസിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. അതുകൊണ്ടാണ് ക്യാംപുകളിൽ നിന്നും പലരും തെരച്ചിലിന് എത്താത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ദുരിതമേഖലയില്‍ ഇന്നും ജനകീയ തെരച്ചില്‍ പുരോഗമിക്കുകയാണ്

You might also like

-