പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് ,ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ

ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്

ടെഹ്റാൻ|പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. ലോകത്തെ എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ഹോർമൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും. ആക്രമണമുണ്ടായതോടെ ഖത്തർ എനർജി നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി. ഇറാൻ ആക്രമണമുണ്ടായ അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.

മധ്യപൂർവേഷ്യൻ സംഘർഷം, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലച്ച പശ്ചാത്തലത്തിലാണ് ആലോചന. വിഷയം ചർച്ചചെയ്യാൻ പൊതുമേഖല എണ്ണ ശുദ്ധീകരണ കമ്പനികളും സർക്കാർ ഉദ്യോഗസ്ഥരും യോഗം ചേർന്നു.പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ എണ്ണ വാങ്ങുന്നത് വീണ്ടും കൂട്ടുന്നത് അടക്കം പരിഗണനയിലാണ്. യുഎസുമായുള്ള വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു.

യുഎസുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തണമെന്ന് യോഗത്തിൽ നിർദ്ദേശം. പ്രതിസന്ധി തുടർന്നാൽ ഇന്ധന കയറ്റുമതി നിയന്ത്രിക്കുന്നതും ഗാർഹിക വാതകത്തിനും പൈപ്പ് വഴിയുള്ള വിതരണത്തിനും മുൻഗണന നൽകുന്നതും പരിഗണനയിൽ. ആഭ്യന്തര വിപണിയിലേക്ക് കൂടുതൽ ഇന്ധനം തിരിച്ചുവിടാൻ സ്വകാര്യ കമ്പനികളിൽ സമ്മർദ്ദം ചെലുത്താനും സാധ്യത. രണ്ടാഴ്ചത്തേക്കുള്ള എണ്ണ സ്റ്റോക്ക് ഉണ്ടെന്ന് യോഗത്തിൽ വിലയിരുത്തൽ

ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്. ഹോർമുസ് ഇടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി പശ്ചിമേഷ്യയിലുടനീളം ഇറാൻ നടത്തിയ ആക്രമണങ്ങളിലാണ് ഹോർമൂസ് കടലിടുക്കും പ്രശ്നബാധിതമായത്. രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായും, മൂന്നാമതൊരു കപ്പലിന് തൊട്ടടുത്ത് തിരിച്ചറിയാൻ കഴിയാത്ത ഒരു വസ്തു പൊട്ടിത്തെറിച്ചതായുമാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ വിശദമാക്കുന്നത്. ഹോർമൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചതോടെ എണ്ണവില കുതിച്ചുയരാനാണ് സാധ്യത.

You might also like

-