ഡോ. ജോണ്‍ ലിങ്കന്റെ വിയോഗത്തില്‍ നിരുദ്ധ കണ്ഠനായി മാര്‍ത്തോമാ മെത്രാപോലീത്ത 

നോര്‍ത്ത് അമേരിക്കാ –യൂറോപ്പ് ഭദ്രാസനം സംഘടിപ്പിച്ച സൂം അനുസ്മരണ യോഗത്തില്‍ ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് അനുസ്മരണ പ്രസംഗം നടത്തി.

0

ന്യൂയോര്‍ക്ക് : ആറര പതിറ്റാണ്ടു നീണ്ടു നിന്ന സുഹൃദ്ബന്ധം ആകസ്മികമായി അറ്റുപോയതിലുള്ള ദുഃഖഭാരം താങ്ങാനാകാതെ നിരുദ്ധകണ്ഠനായി ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപോലീത്താ.മാര്‍ത്തോമാ സഭയുടെ ആകമാന വളര്‍ച്ചയിലും പ്രത്യേകിച്ചു നോര്‍ത്ത് അമേരിക്കാ– യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനത്തിന്റെ വളര്‍ച്ചയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ടെക്‌സസ് ലബക്കില്‍ നിന്നുള്ള അന്തരിച്ച ഡോ. ജോണ്‍ പി. ലിങ്കന്റെ അനുസ്മരണ സമ്മേളനത്തില്‍ പൂര്‍വ്വകാല സ്മരണകള്‍ പങ്കിടുകയായിരുന്നു മെത്രാപോലീത്താ.

ഇരുപത് മിനിട്ടോളം നീണ്ടു നിന്ന അനുസ്മരണത്തിനിടെ പലപ്പോഴും തിരുമേനി വികാരാധീതനാകുന്നുണ്ടായിരുന്നു. നോര്‍ത്ത് അമേരിക്കാ –യൂറോപ്പ് ഭദ്രാസനം സംഘടിപ്പിച്ച സൂം അനുസ്മരണ യോഗത്തില്‍ ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് അനുസ്മരണ പ്രസംഗം നടത്തി. മാര്‍ത്തോമാ സഭക്ക് നോര്‍ത്ത് അമേരിക്കയില്‍ ഭദ്രാസന ആസ്ഥാനം ആവശ്യമാണെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജോണ്‍ ലിങ്കന്റെ ഭാഗത്തു നിന്നും നിസ്സീമമായ സഹായ സഹകരണങ്ങളാണ് ലഭിച്ചതെന്നും എപ്പിസ്‌കോപ്പാ അനുസ്മരിച്ചു. ഭദ്രാസന ട്രഷററായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിശ്രമ രഹിതമായ പ്രവര്‍ത്തനമാണ് ലിങ്കന്‍ നടത്തിയതെന്നും എപ്പിസ്‌കോപ്പാ പറഞ്ഞു.

ജൂണ്‍ 18 ന് നടന്ന സൂം സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം എഴുന്നൂറോളം പേര്‍ പങ്കെടുത്തതു തന്നെ ലിങ്കനെ എത്രമാത്രം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നുവെന്നതിന് അടിവരയിടുന്നതായിരുന്നു. മാര്‍ത്തോമ സഭയിലെ നിരവധി സീനിയര്‍ പട്ടക്കാരും അത്മായരും, കുടുംബാംഗങ്ങളും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് അവരുടെ സ്മരണകള്‍ പങ്കുവച്ചു. നോര്‍ത്ത് അമേരിക്ക മുന്‍ ഭദ്രാസനാധിനും നിയുക്ത സഫ്രഗന്‍ മെത്രാപോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസും തോമസ് മാര്‍ തിമത്തിയോസ് എപ്പിസ്‌കോപ്പാ എന്നിവരും അനുസ്മരണ പ്രസംഗം നടത്തി. മെത്രാപോലീത്തായുടെ പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനുശേഷം അനുസ്മരണ സമ്മേളനം സമാപിച്ചു.

You might also like

-