ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റിറ്റ്തമിഴ്നാട് തേനി സ്വദേശി വേല്‍മുരുകൻ

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

0

മാനന്തവാടി :വയനാട്ടിലെ പടിഞ്ഞാറത്തയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു. തമിഴ്നാട് തേനി സ്വദേശിയായ 35 വയസുള്ള വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് ക്യു ബ്രാഞ്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയോടെയാണ് പടിഞ്ഞാറത്തറ കൊയ്ത്തുപാറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍.

ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്‍റെ ചിത്രവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴല്‍ തോക്കിന്‍റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോയിസ്റ്റ് ലഘുലേഖകളും പ്രദേശത്തുനിന്ന് പൊലീസ് കണ്ടെത്തി. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് പൊലീസ് ഏര്‍പ്പെടുത്തിയത്.

അതേസമയം മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി. അഞ്ചുപേർ തണ്ടർബോൾട്ടിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നു. പിന്നീടുള്ള തെരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയതെന്നും കൊല്ലപ്പെട്ടത് വേൽമുരുകനെന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ജി. പൂങ്കുഴലി പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് മാധ്യമ പ്രവർത്തകരെ ആക്രമണമുണ്ടായ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതെന്നും എസ്.പി. പറഞ്ഞു ,ഏറ്റുമുട്ടൽ നടന്നു ഒമ്പത് മണിക്കൂറായിട്ടും പൊലീസ് ഒഴികെയുള്ള ഒരാളെയും സംഭവസ്ഥലത്തേക്ക് കടത്തി വിട്ടിട്ടില്ല.

You might also like

-