ഇസ്ലാമിക് സ്‌റ്റേറ്റ് കൊലപ്പെടുത്തിയ നാലായിരത്തോളം ഇരകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട ഇറാക്കിലെ കൂട്ടക്കുഴിമാടത്തില്‍ പരിശോധന
ഇരകളെ തിരിച്ചറിയുന്നതിനും അവരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അവകാശങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും നിയമപരവും സാങ്കേതികപരവുമായ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ബാസെം അല്‍-അവാദി പ്രസ്താവനയില്‍ അറിയിച്ചു
വാഷിങ്ടൺ | ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് കൊലപ്പെടുത്തിയ നാലായിരത്തോളം ഇരകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് കരുതുന്ന ഇറാക്കിലെ കൂട്ടക്കുഴിമാടത്തില്‍ പരിശോധന നടത്തുന്നു. വടക്കന്‍ നിനവെ പ്രവിശ്യയിലെ അല്‍-ഖസ്ഫ കൂട്ടക്കുഴിമാടത്തിലാണ് പരിശോധന നടത്തുന്നത്. ഇരകളെ തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് ഇറാക്ക് സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചു. പരിശോധന തുടങ്ങി ഒരു ദിവസത്തിന് ശേഷമാണ് ഇറാക്ക് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഇരകളെ തിരിച്ചറിയുന്നതിനും അവരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അവകാശങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും നിയമപരവും സാങ്കേതികപരവുമായ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ബാസെം അല്‍-അവാദി പ്രസ്താവനയില്‍ അറിയിച്ചു.
വടക്കന്‍ നിനവെ പ്രവിശ്യയിലെ അല്‍-ഖസ്ഫ കൂട്ടക്കുഴിമാടത്തില്‍ നിരപരാധികളായ ആയിരക്കണക്കിന് ഇറാക്കി ഇരകളുടെ മൃതദേഹങ്ങള്‍ ഉള്ളതായി കരുതുന്നുവെന്ന് അല്‍-അവാദി പറഞ്ഞു.