മാർത്തോമ്മ മെത്രാപ്പോലീത്താ-ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച് അനുസ്മരണ സമ്മേളനം നടത്തി
ഒരു യുഗം അവസാനിച്ചു, മലങ്കര മാർത്തോമാ സഭയുടെ സൂര്യശോഭ അസ്തമിച്ചു. ദുഃഖിതരോടും ക്ഷീണിതരോടും നിരന്തരം ഇടപെട്ട തിരുമേനി ഒരു പച്ചയായ മനുഷ്യനായിരുന്നു എന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി
ഹൂസ്റ്റൺ: 21ാം നൂറ്റാണ്ടിലേക്കു മലങ്കര മാർത്തോമ്മാ സുറിയാനി സഭയെ നയിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട 21ാം മാർത്തോമ്മാ, ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ട്രിനിറ്റി മാർത്തോമാ ഇടവക അനുസ്മരണ സമ്മേളനം നടത്തി. ഒക്ടോബര് 18 നു ഞായറാഴ്ച വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ശേഷം നടന്ന പ്രത്യക അനുസ്മരണ സമ്മേളനത്തിൽ വികാരി റവ. ജേക്കബ് .പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു.
അഭിവന്ദ്യ തിരുമേനിയെക്കുറിച്ചു ഒരുക്കിയ പ്രത്യേക സ്ലൈഡ് ഷോയ്ക്ക് ശേഷം മാർത്തോമാ സഭയിലെ സീനിയർ വൈദികനും സുവിശേഷപ്രസംഗസംഘം മുൻ ജനറൽ സെക്രട്ടറിയുമായ റവ. ജോർജ് വര്ഗീസ്, വികാരി റവ. ജേക്കബ് .പി.തോമസ്, അസി.വികാരി റവ.റോഷൻ.വി മാത്യൂസ്, വൈസ് പ്രസിഡണ്ട് തോമസ് മാത്യു (ജീമോൻ റാന്നി ) എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. മൂന്നു പേരും അഭിവന്ദ്യ തിരുമേനിയുമുണ്ടായിരുന്ന വ്യക്തിബന്ധങ്ങളും സഭയുടെ ആകമാന വളർച്ചക്ക് വേണ്ടി തിരുമേനി ചെയ്ത വലിയ കാര്യങ്ങളും പ്രതിപാദിച്ചു.
ഒരു യുഗം അവസാനിച്ചു, മലങ്കര മാർത്തോമാ സഭയുടെ സൂര്യശോഭ അസ്തമിച്ചു. ദുഃഖിതരോടും ക്ഷീണിതരോടും നിരന്തരം ഇടപെട്ട തിരുമേനി ഒരു പച്ചയായ മനുഷ്യനായിരുന്നു എന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. തിരുമേനിയുടെ സഭയെപറ്റിയും സമൂഹത്തെ പറ്റിയുമുള്ള ദീർഘ വീക്ഷണം പ്രശംസനീയമാണ്. പ്രതിസന്ധികളെ സധൈര്യം നേരിടാനുള്ള കഴിവ് തിരുമേനിക്കുണ്ടായിരുന്നു. കർശന നിലപാടിലൂടെ ധീരമായി എന്നും നിലനിന്നിട്ടുള്ള തിരുമേനിയുടെ വിയോഗം മാർത്തോമാ സഭയ്ക്കും ആഗോള ക്രൈസ്തവ സഭയ്ക്കും തീരാനഷ്ടമാണെന്നും അവർ പറഞ്ഞു. ട്രിനിറ്റി ഇടവകയ്ക്ക് വേണ്ടി മുൻ വികാരി റവ. കൊച്ചുകോശി എബ്രഹാം പുഷ്പ
ചക്രം അർപ്പിച്ചു.റവ. ജോർജ് വർഗീസിന്റെ പ്രാർത്ഥനയ്ക്കും ആശിർവാദത്തിനും ശേഷം അനുശോചന സമ്മേളനം അവസാനിച്ചു.