മാരാമണ്‍ കണ്‍വന്‍ഷന്‍ രാത്രി യോഗം സായാഹ്‌നയോഗമാക്കി, സ്ത്രീകള്‍ക്ക് പ്രവേശനം
മാരമണ്‍ കണ്‍വന്‍ഷന്‍ ശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ ഈ ആവശ്യം ഉയര്‍ന്നുവെങ്കിലും, പാരമ്പര്യത്തിന്റെയും സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റേയും പേരില്‍ സ്ത്രീപ്രവേശനം രാത്രി യോഗങ്ങളില്‍ നിഷേധിച്ചിരുന്നു
ന്യൂയോര്‍ക്ക്: നൂറ്റി ഇരുപത്തി നാലാമത് മാരമണ്‍ കണ്‍വന്‍ഷന്‍ ചരിത്രത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമിടുന്നു. കഴിഞ്ഞ വര്‍ഷം വരെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന രാത്രി യോഗങ്ങളിലേക്ക് ഈ വര്‍ഷം മുതല്‍ സായാഹ്ന യോഗമാക്കി മാറ്റി പ്രവേശനം അനുവദിക്കുന്നതിന് എപ്പിസ്‌ക്കോപ്പല്‍ സിനഡ് അംഗങ്ങളുടെ ആലോചനയോടെ പുനര്‍ ക്രമീകരണം ചെയ്തതായി സഭയുടെ പരമാദ്ധ്യക്ഷന്‍ റെറ്റ് റവ ഡോ ജോസഫ് മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ഇടവകകളിലേക്ക് മുന്നൂറ്റ് മുപ്പത്തി മൂന്നാം നമ്പര്‍ ആയി അയച്ച സര്‍ക്കുലറില്‍ സഭാംഗങ്ങളെ അറിയിച്ചു.
മാരമണ്‍ കണ്‍വന്‍ഷന്‍ ശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ ഈ ആവശ്യം ഉയര്‍ന്നുവെങ്കിലും, പാരമ്പര്യത്തിന്റെയും സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റേയും പേരില്‍ സ്ത്രീപ്രവേശനം രാത്രി യോഗങ്ങളില്‍ നിഷേധിച്ചിരുന്നു.കേരളത്തിലെ രാഷ്ട്രീയ സാമുദായിക മേഖലകളിലെ അസ്വസ്ഥതകളുടെ പശ്ചാത്തലമാണ് സഭാ നേതൃത്വത്തെ ഇങ്ങനെയൊരു തീരുമാനം കൈകൊള്ളുന്നതിന് പ്രേരിപ്പിച്ചത്.
വൈകിട്ട് അഞ്ച്മുതല്‍ ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന സായാഹ്ന യോഗങ്ങളിലേക്ക് പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.സഭയുടെ തീരുമാനം നോര്‍ത്ത് അമേരിക്കയില്‍ നിന്നും ചുരുങ്ങിയ ദിവസത്തെ അവധിക്ക് മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ കുടുംബ സമേതം പോകുന്നവര്‍ക്ക് വളരെ അനുഗ്രഹമാണ്. മാരാമണ്‍ കണ്‍വന്‍ഷനിലെ സായാഹ്ന യോഗങ്ങളിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് ഒന്നിച്ചു പങ്കെടുക്കുന്നതിനുള്ള അസുലഭ അവസരമാണ് ലഭിച്ചിരിക്കുന്നത്.