ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി മലാല യൂസഫ്‌സായ്
പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് നിഷിധമായിരുന്ന സ്കൂള്‍ വിദ്യാഭ്യാസ നയത്തിനെതിരെ അരയും തലയും മുറുക്കി രംഗത്തെത്തിയ മലാലക്ക് 15 ാം വയസില്‍ താലിബാന്‍ ഭീകരന്‍റെ വെടിയേറ്റു
ഓക്‌സ്ഫഡ്: നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കി. ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദം സ്വന്തമാക്കിയാണ് മലാല, യൂണിവേഴ്‌സിറ്റി വിടുന്നത്.
പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് നിഷിധമായിരുന്ന സ്കൂള്‍ വിദ്യാഭ്യാസ നയത്തിനെതിരെ അരയും തലയും മുറുക്കി രംഗത്തെത്തിയ മലാലക്ക് 15 ാം വയസില്‍ താലിബാന്‍ ഭീകരന്‍റെ വെടിയേറ്റു. മരണത്തെ മുഖാമുഖം കണ്ട ഇവരെ പ്രാഥമിക ചികിത്സക്കുശേഷം ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. ദീര്‍ഘനാളത്തെ ചികിത്സക്കുശേഷം മലാലക്കും കുടുംബത്തിനും ഇംഗ്ലണ്ടില്‍ അഭയം നല്‍കി.
തുടര്‍ന്നും ആഗോളതലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി മലാല പല രാജ്യങ്ങളും സന്ദര്‍ശിച്ചു. സ്കൂളില്‍ പഠിക്കാത്ത 132 മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് മലാല ഫണ്ട് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി. 2014 ല്‍ കുട്ടികളുടെ അവകാശത്തിനുവേണ്ടി സമരരംഗത്തിറങ്ങിയതിന് നൊബേല്‍ സമ്മാനം ലഭിച്ചു.
പാക്കിസ്ഥാനിലെ പ്രഥമ വനിത പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ 1970 ല്‍ ബിരുദ പഠനം പൂര്‍ത്തീകരിച്ച യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനും ബിരുദം നേടുന്നതിനും ലഭിച്ച അവസരം അഭിമാനവും സന്തോഷവും ഉളവാക്കുന്നതാണെന്ന് മലാല ട്വിറ്ററില്‍ കുറിച്ചു. ഇപ്പോള്‍ താന്‍ തൊഴില്‍ രഹിതയാണെന്നും ജോലി അന്വേഷിക്കുകയാണെന്നും മലാല പറയുന്നു